Spread the love

കോട്ടയം : യുഡിഎഫ് പ്രവേശന വാർത്തകളിൽ അസംതൃപ്തി പുകഞ്ഞ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. റോഷി അഗസ്റ്റിനും , പ്രമോദ് നാരായണനും നീക്കത്തോട് പരസ്യമായി തന്നെ അസന്തുഷ്ടി പ്രകടിപ്പിച്ചു.

എന്നാൽ എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ എന്നിവർ ജോസിനൊപ്പമാണ്. കെഎം മാണിയുടെ കുടുംബത്തോടുള്ള താല്പര്യമാണ് ഇരുവരെയും നയിക്കുന്നത്. റോഷി അഗസ്റ്റിനും കെഎം മാണിയുടെ വാൽസല്യത്തിൽ വളർന്നു മന്ത്രി പദത്തിൽ എത്തിയതാണെങ്കിലും സ്ഥാന ത്യാഗത്തിന് മനസ്സ് അനുവദിക്കുന്നില്ല. എൻ ജയരാജ് വ്യക്തമായ തീരുമാനം ഇല്ലാത്ത അവസ്ഥയിലാണ്. എന്നാൽ എൻഎൻഎസിന്റെ തീരുമാനമനുസരിച്ച് ഒരു നിലപാടിലെത്താനാണ് സാധൃത. സിപിഎമ്മുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്നത് ചീഫ് വിപ്പായ ജയരാജാണ്. കാഞ്ഞിരപ്പള്ളിയിൽ ഉൾപ്പെടെ മാണി ഗ്രൂപ്പ് അണികൾക്ക് ജയരാജിന്റെ അമിതമായ സിപിഎം വിധേയത്വത്തോട് അമർഷമുണ്ട്. പാർട്ടി പിളർന്നാൽ ജയരാജിനെ ചെയർമാനാക്കി ബദൽ നീക്കം നടത്താനാണ് സിപിഎം കേന്ദ്രങ്ങളുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

പാലാ ചങ്ങനാശ്ശേരി രൂപതകളാണ് കെഎം മാണിയുടെ പാർട്ടിയെ യുഡിഎഫിൽ തിരികെ എത്തിക്കാൻ അണിയറയിൽഎന്നാണ് സംസാരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയിൽ ക്രൈസ്തവ രൂപതാ അധ്യക്ഷന്മാരെ കണ്ടപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു. മധ്യകേരളത്തിൽ നിർണായക സ്വാധീനമുള്ള ക്രൈസ്തവസഭകൾ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആണിക്കല്ല് കൂടിയാണ്. കേരള കോൺഗ്രസ് പിറന്നതുതന്നെ മന്നത്ത് പത്മനാഭൻ വിളക്ക് തെളിയിച്ചാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് അന്ന് അത്തരത്തിലുള്ള ഒരു പിറവിക്ക് കാരണമായതും. അതുകൊണ്ടുതന്നെ എൽഡിഎഫിൽ കേരള കോൺഗ്രസ് നിലയുറപ്പിക്കുന്നത് ക്രൈസ്തവസഭകൾ ആഗ്രഹിക്കുന്നില്ല.

ബാർകോഴ കേസിൽപ്പെട്ട കെഎം മാണിയെ നിയമസഭയിൽ കാലു കുത്താൻ പോലും അനുവദിക്കാതെ നടന്ന സമരവും തുടർന്ന് എല്ലാം മറന്ന് കേരള കോൺഗ്രസ് എം എൽഡിഎഫിന്റെ ഭാഗമായതും ക്രൈസ്തവ സഭകൾക്ക് യോജിക്കാൻ ആവുന്നതായിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തുന്നത്. അതിനു വഴിയൊരുക്കിയതാകട്ടെ കോൺഗ്രസിന്റെ സമീപനവും. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ പദത്തിൽ കേരള കോൺഗ്രസ് എം കരാർ പാലിച്ചില്ല എന്ന് ആരോപിച്ച് അന്ന് കൺവീനർ ആയിരുന്ന ബെന്നി ബഹനാനാണ് മാണി ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. അതിന് പിന്നിൽ നിന്ന് കളിച്ചത് ബെന്നിയുടെ ഏറ്റവും അടുപ്പക്കാരനായ പിസി ജോർജായിരുന്നു. തന്നെചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കെഎം മാണി പുറത്താക്കിയതിന്റെ പകരം വീട്ടലാണ് ജോർജ് ലക്ഷൃം കണ്ടത്. മാണി ഗ്രൂപ്പിന്റെ എൽഡിഎഫ് പ്രവേശനത്തിന് അങ്ങനെ വഴി തുറന്നു.

കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ എത്തിച്ചത് അനു സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന വി എൻ വാസവന്റെ തന്ത്രങ്ങളാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ ഏറ്റുമാനൂർ അടക്കമുള്ള മണ്ഡലങ്ങളിൽ സിപിഎമ്മിന് വിജയിക്കാനായി. പക്ഷേ ജോസ് കെ മാണി പാലായിൽ പരാജയപ്പെട്ട ക്ക് പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കും ഉൾക്കൊള്ളാൻ ആയില്ല. ജോസ് കെ മാണിയുടെ പരാജയത്തിന് പിന്നിൽ എന്തു സംഭവിച്ചു എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോഴും ഇടതുമുന്നണിയോ സിപിഎം കോട്ടയം ജില്ലാ നേതൃത്വമോ പുറത്തുവിട്ടിട്ടില്ല. കെഎം മാണിയുടെ മകൻറെ പാലായിലെ പരാജയം ക്രൈസ്തവസഭകൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല.

യുഡിഎഫ് നേതൃത്വം മാറുകയും വി ഡി സതീശന്റെ കൈകളിലേക്ക് എത്തുകയും ചെയ്തതോടെ ക്രൈസ്തവ സഭകൾ ജോസിനായി കരുനീക്കം തുടങ്ങി.

പക്ഷേ കോൺഗ്രസുമായി ബന്ധം അറുത്തു മുറിച്ചത് പോലെ അത്ര സുതാര്യമായിരിക്കില്ല ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം കരവലയത്തിലുള്ള മുന്നണിയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്. അക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ് റോഷി ഒരു പരിധി വരെ പിന്നോട്ട് പോകുന്നത്.

എതിരാളികളെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് വേട്ടയാടു ക കേഡർ പ്രസ്ഥാനങ്ങൾ അവലംബിക്കുന്ന രീതിയാണ്. അത്തരത്തിലുള്ള ഒരു തിരിച്ചടി ഭയക്കുന്നുണ്ട്. പക്ഷേ അവിടെയും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ കരുത്തുറ്റ പിന്തുണ ഒരു പിൻബലം തന്നെയാണ്.

കേരള കോൺഗ്രസിന്റെ അണികൾ ഇതര പാർട്ടികളിലേക്ക് കൊഴിഞ്ഞുപോകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ബിജെപിയിലേക്കും കോൺഗ്രസിലേക്കും സാധാരണ പ്രവർത്തകർ മാറിത്തുടങ്ങി. പദവികൾ വിടാൻ മടിയുള്ള രണ്ടാം നിര നേതാക്കൾക്ക് മാത്രമാണ് ഇടത് മുന്നണി വിടാൻ താല്പരൃമില്ലാത്തത്.ഈ ചുവരെഴുത്തും മാണി ഗ്രൂപ്പിനെ മുന്നണി മാറാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

16ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗവും തുടർന്നുള്ള യോഗങ്ങളും കേരള കോൺഗ്രസ് എമ്മിനു നിർണായകമാണ്. യോഗങ്ങളിൽ എതിർപ്പ് ഉയർന്നാൽ തൽക്കാലം അജണ്ട മാറ്റിവെക്കും. പക്ഷേ ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ അത് എത്ര നാൾ എന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉയർത്തുന്ന ചോദ്യം.