Spread the love

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തണം എന്ന ലക്ഷ്യവുമായി വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരരംഗത്ത് കൊണ്ടുവരാനുറച്ച് സിപിഎം.

ടേം വ്യവസ്ഥ ഒഴിവാക്കാന്‍ സിപിഎമ്മില്‍ ആലോചന നടക്കുന്നതായാണ് വിവരം. എംഎല്‍എമാര്‍ക്ക് രണ്ടുതവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചര്‍ച്ച.

മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സിറ്റിംഗ് എംഎല്‍എമാരെ നിലനിര്‍ത്തിയേക്കും. ഇതോടൊപ്പം കഴിഞ്ഞ തവണ ടേം വ്യവസ്ഥയില്‍ പരിചയ സമ്പത്തുള്ള നേതാക്കളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയിരുന്നു. ഇങ്ങനെ ഒഴിവാക്കിയ കെ.കെ ശൈലജ, തോമസ് ഐസക്ക് തുടങ്ങി ജനപ്രിയ നേതാക്കളെയെല്ലാം മത്സരരംഗത്തേക്ക് കൊണ്ടുവരുന്ന കാര്യവും ആലോചനയിലുണ്ട്. വിജയസാദ്ധ്യത മാത്രമായിരിക്കും മുഖ്യമായും നോക്കുക.

ടേം വ്യവസ്ഥയില്‍ മാറ്റം വരുത്താതെ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ആകില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏറ്റ തിരിച്ചടിയും സിപിഎമ്മിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തു തന്നെ വീണ്ടും മത്സരിക്കും.