മന്നം ജയന്തി വേദിയിലേക്ക് കോൺഗ്രസ് ബിജെപി നേതാക്കളുടെ കുത്തൊഴുക്ക് , അസാന്നിധ്യത്തിൽ ശ്രദ്ധേയമായി മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോട്ടയം : മന്നംജയന്തി സമ്മേളന സദസ്സിലേക്ക് കോൺഗ്രസ് ബിജെപി നേതാക്കളുടെ ഒഴുക്ക്. ശബരിമല അയ്യപ്പ സംഗമത്തെ എൻഎസ്എസ് പിന്തുണച്ചുവെങ്കിലും ഇടതു നിര നേതാക്കൾ കുറവായിരുന്നു. ഏറ്റുമാനൂരിന്റെ എംഎൽഎയും ദേവസ്വം മന്ത്രിയുമായ വി എൻ വാസവൻ്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. ശബരിമല യുവതിപ്രവേശനത്തിൽ ഇടത് സർക്കാരുമായി കലഹിച്ച എൻഎസ്എസ് മന്ത്രി വാസവന്റെ ഇടപെടലിൽ സമദൂരം വെടിഞ്ഞ് പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിയാവുകയായിരുന്നു.അതുകൊണ്ട് തന്നെ വാസവൻ മന്നം ജയന്തി സമ്മേളനത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മാത്രമാണ് എത്തിയത്. പ്രാദേശിക ഇടത് നേതാക്കളും എത്തിയില്ല.
സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 149 ജയന്തി സമ്മേളനത്തിന് എൻഎസ്എസ് വലിയ പ്രാധാന്യം നൽകിയെങ്കിലും അനുസ്മരണ വേദി പ്രൗഢമായിരുന്നില്ല. ശിവഗിരിയിൽ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും, കേരള കർണാടക മുഖ്യമന്ത്രിമാരും മന്ത്രിമാരും അതിഥികളായി ഉണ്ടെങ്കിലും എൻഎസ്എസ് അത്തരമൊരു സമീപനത്തിലേക്ക് മാറിയിട്ടില്ല. ജയന്തി സമ്മേളനത്തിന് മുഖ്യാതിഥികളെ നിർണ്ണയിക്കുന്നത് എങ്ങനെയെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കുകയും ചെയ്തു. മന്നത്തെക്കുറിച്ച് വ്യക്തമായ ധാരണയും പ്രഭാഷണ മികവുമുള്ള വരെയാണ് പരിഗണിക്കുന്നതെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. പതിവ് സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി സുകുമാരൻ നായർ വേദിയിൽ ഇരുന്നാണ് സദസ്സിനെ അഭിസംബോധന ചെയ്തത്.
ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ജോസ് കെ മാണി ആന്റോ ആൻറണി, രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ രാഷ്ട്രീയ നിര സമ്മേളന വേദിയുടെ മുൻ നിരയിലും ഇടം പിടിച്ചിരുന്നു. പല നേതാക്കളും എൻഎസ്എസ് നേതാവുമായുള്ള ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിധ്യവും പ്രത്യേകം ശ്രദ്ധേയമായി. എസ്എൻഡിപി എൻഎസ്എസ് സമുദായ സംഘടനകളുടെ നിലപാടുകൾക്കെതിരെ പലപ്പോഴും പരോക്ഷ വിമർശനം ഉയർത്തിയിട്ടുള്ള നേതാവാണ് വി ഡി സതീശൻ.
ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവും എംജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ആയിരുന്നു ഇക്കൊല്ലത്തെ മന്നം ജയന്തിയിലെ മുഖ്യാതിഥി.
ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ നൽകിയതിനെ തുടർന്ന് സമുദായത്തിൽ നേതൃത്വത്തിനും നിലപാടിനെതിരെ ഒരു വിഭാഗം കടുത്ത വിമർശനം ഉയർത്തുന്ന സാഹചര്യത്തിൽ ആയിരുന്നു സമ്മേളനം. അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയ സാഹചര്യം വിശദീകരിക്കുന്നതിനാണ് ആദ്യദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ സുകുമാരൻ നായർ ശ്രമിച്ചത്. എൻ എസ് കരയോഗം മുൻ ഭാരവാഹി കൂടിയായ മുരാരി ബാബു സ്വർണ്ണ കൊള്ള കേസിൽ അറസ്റ്റിൽ ആയത് എൻഎസ്എസ് നേതൃത്വത്തിന് തിരിച്ചടിയുമായി. അതുകൊണ്ടുതന്നെ പതിവ് വിമർശന ശൈലി എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസംഗത്തിൽ നിഴലിച്ചില്ല.
ജയന്തി സമ്മേളനത്തിന് കേരളത്തിലെ പ്രമുഖ ദിനപത്രങ്ങൾക്ക് ആദ്യപേജ് മുഴുനീള പരസ്യവും ഇടം പിടിച്ചു.കൂടാതെ മാധ്യമങ്ങളെ എൻഎസ്എസ് ജനറൽ സെക്രട്ടറി സമ്മേളന വേദിയിൽ പുകഴ്ത്തുകയും ചെയ്തു.

