ഇടതുമുന്നണി യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പങ്കെടുത്തില്ല. കേരള യാത്ര ഉള്‍പ്പടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് രൂപം നല്കി എല്‍ഡിഎഫ്
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാഗമായി മുഖം മിനുക്കാന്‍ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങുകയാണ് എല്‍ഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാരിനെതിരായ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് എല്‍ഡിഎഫ്. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
എന്നാല്‍ ഇടതുമുന്നണി സംസ്ഥാന കമ്മറ്റിയോഗത്തില്‍
പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം പങ്കെടുക്കാത്തത് ചര്‍ച്ചയായി. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന യോഗത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധി പോലും എത്തിയില്ല. അതേ സമയം അവധി അപേക്ഷ നല്‍കിയിരുന്നതായും വിവാദത്തിന് അടിസ്ഥാനമില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.
ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുക, ഇടതുസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്നതാണ് എല്‍ഡിഎഫ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്

