എസ്.ഐ.ആര്‍ ആദ്യഘട്ടം പുരോഗമിക്കേ 20.753 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് റിപ്പോര്‍ട്ട്. ഇത് ഇനിയും വര്‍ദ്ധിച്ചേക്കാമെന്ന് ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ രാഷ്ട്രീയപ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു.
ഒഴിവാക്കപ്പെടുന്നവരില്‍ 6.11ലക്ഷം പേര്‍ മരിച്ചുപോയവരാണ്.
7.39 ലക്ഷം പേര്‍ താമസം മാറിപ്പോയി.
5.66 ലക്ഷം പേരെ കണ്ടെത്താനായില്ല.
1.12 ലക്ഷം പേര്‍ ഇരട്ടിപ്പാണ്.
0.45ലക്ഷം പേര്‍ എസ്.ഐ.ആറുമായി സഹകരിക്കാത്തവരും.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഡിസംബര്‍ 18വരെ ഫോം സ്വീകരിക്കും. കരട് വോട്ടര്‍പട്ടിക പുറത്തിറക്കുന്ന തീയതി ഡിംസബര്‍ 23 ആയും നീട്ടി. രണ്ടാഴ്ചയിലേറെ സമയമാണ് കൂടുതലായി കിട്ടിയത്. 11ന് തദ്ദേശ വോട്ടെടുപ്പ് കഴിയും. അതിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എമാരുടെ പിന്തുണ ഖേല്‍ക്കര്‍ അഭ്യര്‍ത്ഥിച്ചു. തെളിവെടുപ്പുകള്‍ നടത്തി ഒഴിവാക്കപ്പെടേണ്ടവരുടെ കാര്യത്തില്‍ വ്യക്തതവരുത്താനാണിത്.
നിലവില്‍ ഒരു ബൂത്തില്‍ 1200 വോട്ടര്‍മാരുണ്ട്. ഇവരില്‍ 50- 60 വോട്ടര്‍മാര്‍ വരെ ഒഴിവാക്കപ്പെടാനിടയുണ്ട്. ബൂത്ത് തലത്തില്‍ തെളിവെടുപ്പ് നടത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. കരട് വോട്ടര്‍പട്ടികയ്‌ക്കെതിരെ അപ്പീലുകള്‍ ഇ.ആര്‍.ഒമാര്‍ക്കും ജില്ലാകളക്ടര്‍മാര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സമര്‍പ്പിക്കാം.
എസ്.ഐ.ആര്‍ പൂര്‍ത്തിയാകുന്നതോടെ 5060 ബൂത്തുകള്‍ കൂടി വര്‍ദ്ധിപ്പിക്കേണ്ടിവരും. നിലവില്‍ 25438 ബൂത്തുകളാണുള്ളത്.

