Spread the love

തിരുവനന്തപുരം : മാസങ്ങളായി അന്തരീക്ഷത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അവസാന പന്തിൽ സിക്സർ അടിച്ച് കോൺഗ്രസ്. ജാമ്യ അപേക്ഷ തള്ളി അതേ നിമിഷത്തിൽ തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചു എന്നത് ഇടതു സൈബർ ഹാൻഡിലുകൾ ആഘോഷിച്ചു തുടങ്ങിയപ്പോഴേക്കും രാഹുലിനെ കോൺഗ്രസ് പടിയടച്ച് പിണ്ണം വച്ചു.

 

ശബരിമല സ്വർണ്ണ കവർച്ചയിൽ ആരോപണ വിധേയനായി അറസ്റ്റിലായ മുൻ എംഎൽഎ പത്മകുമാറും രാഹുലിന്റെ സമാനമായ പരാതിയിൽ നിയമനടപടി നേരിടുന്ന നടൻ കൂടിയായ മുകേഷ് എംഎൽഎയും പാർട്ടിയിൽ നിന്നോ ഇടതുമുന്നണിയിൽ നിന്നോ ഒരു നടപടിയും നേരിടാതെ വരുമ്പോഴാണ് കോൺഗ്രസ് ഗോൾ വലയം ചലിപ്പിച്ചത്

 

രാഹുലിന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ കൈവിടാൻ കോൺഗ്രസ് തീരുമാനിച്ചു. എങ്കിലും അതിന്റെ പ്രഖ്യാപനം നീട്ടി. എംഎൽഎ സ്ഥാനവുംരാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റെ തായിരിക്കും.

വിദേശ സന്ദർശനത്തിൽ ആയിരുന്ന മുഖ്യമന്ത്രി നാട്ടിൽ മടങ്ങിയെത്തി മാധ്യമങ്ങളെ നേരിൽ കാണാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് രാഹുലിന്റെ കാര്യത്തിലുള്ള തീരുമാനം വന്നത്. ഇനിയുള്ള ദിവസങ്ങളിൽ സ്ത്രീ പീഡനം ഉയർത്തി ശബരിമലയ്ക്ക് പ്രതിരോധം തീർക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

കേസിൽ പോലീസ് അറസ്റ്റ് ചെയ്യും മുമ്പു തന്നെ യുവ എംഎൽഎ യ്ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുത്തുവെന്ന്കോൺഗ്രസിന് അവകാശപ്പെടാം.  എന്നാൽ ശബരിമലയിൽ പത്മകുമാറിനെതിരെ ആവർത്തിച്ച് കുറ്റപത്രത്തിൽ ആരോപണം ഉയരുമ്പോഴും സിപിഎം സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ സിപിഎമ്മിന്റെ ഈ സമീപനം ആയിരിക്കുംകോൺഗ്രസ് ചോദ്യം ചെയ്യുക.