Spread the love

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ 66 ലക്ഷം രൂപ തട്ടിയെടുത്തെന്ന്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തിയത്. മൂന്ന് വനിതാ സ്റ്റാഫ് ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. വനിതാ സ്റ്റാഫും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്‍, രാധാകുമാരി, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

തട്ടിയെടുത്ത പണം ഇവര്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് പ്രതികള്‍ 66 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ മുന്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തന്നെയാണ് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

 

ഈ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിയയ്ക്കും കൃഷ്ണകുമാറിനുമെതിരെ പ്രതികള്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി, പണം കവര്‍ന്നു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവ ആരോപിച്ചായിരുന്നു പരാതി. ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തല്‍