കോട്ടയം : ബിഹാര്‍ ഇന്നു വിധിയെഴുതി തുടങ്ങും. നിയമസഭാ രഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഇന്‍ഡ്യ മുന്നണി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്‍, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര്‍ ഉള്‍പ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്.
18 ജില്ലകളിലായി 3.75 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും.അച്ഛന് ലാലുപ്രസാദ് യാദവുമായി ഇടഞ്ഞ് ആര്‍ജെഡിയില്‍ നിന്നു പുറത്തായ തേജസ്വി യാദവിന്റെ സഹോദരന് തേജ് പ്രതാപ് യാദവ് മഹുവ മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നു.
പ്രചാരണത്തിനിടെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്ത്തകന് വെടിയേറ്റു മരിച്ച കേസില്‍ ജയിലിലായ ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ് മത്സരിക്കുന്ന മൊക്കാമയിലും ഇന്നാണ് വോട്ടെടുപ്പ്. ലാലു കുടുംബത്തിന്റെ കുത്തക മണ്ഡലമായ രാഘോപുരില്‍ ഹാട്രിക് വിജയം തേടിയാണു തേജസ്വി യാദവ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും തോല്പിച്ച സതീഷ് കുമാര്‍ യാദവാണു ഇത്തവണയും എതിരാളി. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും ആര്‍ജെഡിയുടെ അരുണ്‍ കുമാര്‍ സാഹയുമാണു താരാപുരില്‍ ഏറ്റുമുട്ടുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ടു ചോരി ആരോപണ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്

