കൊച്ചി : അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുഞ്ഞാണ് മരിച്ചത്.
കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ ആന്റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. അമ്മൂമ്മയുടെ അരികിൽ കുഞ്ഞിനെ കിടത്തി അടുക്കളയിൽ ജോലിയിലായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ചു കഴിഞ്ഞു വന്നു നോക്കുമ്പോൾ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതു കണ്ടെന്നും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് വിവരം. എന്നാൽ കുഞ്ഞിനെ രക്ഷപെടുത്താൻ സാധിച്ചില്ല.
കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.
കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

