Poltical Desk
കോട്ടയം : കേരളം പിടിക്കാൻ കെ സി വേണുഗോപാൽ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കേരള ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ രംഗത്ത് . താൻ സംസ്ഥാനത്ത് സജീവമാകുന്നത് ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കെ സി വ്യക്തമാക്കി കഴിഞ്ഞു. എന്നും കോൺഗ്രസിനു തലവേദനയായ അധികാര തർക്കം
തെരഞ്ഞെടുപ്പ് കാലത്ത് സാധ്യതകൾ അട്ടിമറിക്കാതിരിക്കുന്നതിനാണ് ഈ നീക്കം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.എന്നാൽ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേരയിലേക്ക് കെ സിയുടെ പേരും ഉയർന്നു വരുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കെ സി വേണുഗോപാലിന് എ ഗ്രൂപ്പ് ഏതാണ്ട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്മേൽ മേൽകൈ നൽകാൻ പ്രതിപക്ഷ നേതാവായ വി.ടി സതീശൻ്റെ നേതൃത്വത്തിലുള്ള സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നേതൃപദം സംബന്ധിച്ച് തർക്കവും വിഭാഗീയതയും ഉടലെടുക്കുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും കോൺഗ്രസിൽ. മൂന്നാം തവണയും പിണറായി വിജയനെ മുന്നിൽ നിർത്തി സിപിഎം കരുക്കൾ നീക്കുമ്പോൾ ചിട്ടയോടെ മുന്നോട്ടുപോകാൻ ഹൈക്കമാൻ്റ് നിയന്ത്രണത്തിലുള്ള സംഘം വേണമെന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നിർബന്ധമുണ്ട്. കെ സി കൂടാതെ പ്രിയങ്ക ഗാന്ധി എംപിയും സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് അറിയുന്നു.
ശബരിമല, അഴിമതി വിഷയങ്ങൾ ഉയർത്തി ഇടതുമുന്നണിയെ നിർത്തി പൊരിക്കാൻ തന്നെയാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം.ഇക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്ന് നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.പിണറായി സർക്കാരുമായി കോൺഗ്രസിലെ ചില നേതാക്കൾ വിഷയാധിഷ്ഠിത ഒത്തുതീർപ്പിന് പലപ്പോഴും വഴങ്ങിയതായി ആക്ഷേപം ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് കെ സി തന്നെ രംഗത്തുവരുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭ്യമാക്കാനും,നിയമസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കൂടുതൽ ഏകോപനത്തിനും കെസിയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് പാർട്ടിയിലെ ഒരു ഭാഗം പറയുന്നത്.
കേരളത്തിൽ വി ഡി സതീശൻ – രമേശ് ചെന്നിത്തല വിഭാഗങ്ങൾ തമ്മിലുള്ള ഒളിപ്പോര് പലപ്പോഴും പാർട്ടിക്ക് വല്ലാത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.ഇനി അത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
കൂടാതെ യുഡിഎഫ് വിപുലീകരിക്കണമെന്ന ചർച്ചകളും പുരോഗമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് വിട്ട ജോസ് കെ മാണി ഉൾപ്പെടെയുള്ള വി ഭാഗങ്ങളെ യുഡിഎഫിൽ എത്തിക്കണമെന്ന് ലീഗിന് ആഗ്രഹമുണ്ട്. അന്നത്തെ നേതൃത്വത്തിന്റെ പാളിച്ചയാണ് യുഡിഎഫ് ഘടകകക്ഷിയെ നഷ്ടപ്പെടുത്തിയെന്ന വികാരവും ശക്തമാണ്.

