മലയാള സിനിമയിലെ ശാലീന സൗന്ദര്യമായി എല്ലാവരും അംഗീകരിച്ച താരമാണ് ശ്രീവിദ്യ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും എല്ലാം അഭിനയിച്ച ശ്രീവിദ്യ ഇന്നും മായാത്ത ഓർമ്മകളായി സിനിമാപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഇപ്പോഴിതാ പ്രായഭേദമന്യേ എല്ലാവരും സ്നേഹപൂർവ്വം “വിദ്യാമ്മ” എന്ന് വിളിച്ചിരുന്ന ആ മുഖം മറഞ്ഞിട്ട് വരുന്ന ഒക്ടോബർ 19-ന് പതിനൊൻപത് വർഷം തികയുന്നു.
53-ാം വയസ്സിൽ നട്ടെല്ലിൽ ഉണ്ടായ അർബുദബാധയാണ് അവരുടെ മരണകാരണം. ‘തിരുവുള് ചൊൽവർ’ എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ എത്തുന്നത്. അതും പതിമൂന്നാമത്തെ വയസിൽ. 1969-ല് എന്. ശങ്കരന് നായര് സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല’യിലൂടെ സത്യന്റെ നായികയായിട്ടായിരുന്നു മലയാള സിനിമയിലെ ശ്രീവിദ്യയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറുകയായിരുന്നു.
ശ്രീവിദ്യയും കമലഹാസനുമായുള്ള വിവാഹം വരെ നിശ്ചയിച്ചിരുന്നുവെങ്കിലും, അഭിപ്രായവ്യത്യാസങ്ങൾ കാരണം ബന്ധം അവസാനിച്ചു. അതിനുശേഷം ‘തീക്കനൽ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ജോർജ് തോമസുമായി പ്രണയത്തിൽ ആകുകയും, 1979-ൽ വിവാഹിതരാകുകയും ചെയ്തു.
ജോർജുമായുള്ള വിവാഹത്തിന് പിന്നാലെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ശ്രീവിദ്യയെ വീട്ടിൽ നിന്നും പുറത്താക്കി. ഇത് നടിയെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ അതിലും കൂടുതൽ ശ്രീവിദ്യ തളർന്നുപോയത് വി ജി നായർ എന്ന ചിട്ടിക്കമ്പനി ഉടമയുടെ ബിനാമി മാത്രമാണ് ജോർജ് എന്ന സത്യം തിരിച്ചറിഞ്ഞപ്പോഴായിരുന്നു.
ഒത്തിരി സ്വപ്നം കണ്ട വിവാഹജീവിതം അതോടെ നരകജീവിതമായി മാറി. വിവാഹത്തിന് ശേഷവും ശ്രീവിദ്യയെക്കൊണ്ട് സിനിമകൾക്കായി ഡേറ്റ് വാങ്ങുക, ഡേറ്റില്ലെങ്കിലും അഡ്വാൻസ് വാങ്ങിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ ജോർജ് സ്ഥിരമായി ചെയ്തു.ഒടുവിൽ ഗർഭിണിയായപ്പോൾ ശ്രീവിദ്യയെക്കൊണ്ട് അബോർഷൻ വരെ ചെയ്യിപ്പിച്ചു. ഇതോടെ ശ്രീവിദ്യ ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് താരത്തെ അസുഖം പിടികൂടിയത്.
അവസാന ദിവസങ്ങൾ തിരുവനന്തപുരത്ത് ചെലവഴിച്ച ശ്രീവിദ്യയുടെ അനാഥമായ വീട് ഇന്ന് സോഷ്യൽ മീഡിയയിലൂടെയും ആരാധകരുടെ ഓർമ്മകളിലൂടെയും വീണ്ടും വാർത്തയാകുകയാണ്.

