കോട്ടയം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായി എന്ന ആരോപിച്ച കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അനന്തു അജിയുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ആർ.എസ്.എസ് ശാഖയിൽ വച്ച് കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിൻറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുൻപ് അനന്തു ഇൻസ്റ്റഗ്രാം വഴി പങ്ക് വെച്ചതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ആർ.എസ്.എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടത്. എത്ര മാത്രം അകറ്റി നിർത്തേണ്ട ആശയവും പ്രവർത്തിയുമാണ് ആർ.എസ്.എസ് മുന്നോട്ടു വെക്കുന്നത് എന്ന് അനന്തു ജീവിതം അവസാനിപ്പിക്കും മുമ്പ് കുറിച്ചിരിക്കുന്നു. സഹജീവി സ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ എത്താതിരിക്കാൻ കൂടുതൽ ജാഗ്രത ഉണ്ടാവണം.
അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും ആർ.എസ്.എസ് ആണെങ്കിൽ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കിൽ അനന്തു എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകൾ ആവശ്യമില്ല. അനന്തുവിന്റെ ഘാതകരായ ആർ.എസ്.എസ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം’ -സനോജ് ആവശ്യപ്പെട്ടു.
ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശിയായ അനന്തു അജി (24)യാണ് തിരുവനന്തപുരത്തെ ലോഡ്ജിൽ വ്യാഴാഴ്ച വൈകീട്ട് തൂങ്ങിമരിച്ചത്. ഐ.ടി പ്രഫഷനലാണ് മരിച്ച യുവാവ്.
ഇത് തന്‍റെ മരണ മൊഴിയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ നാല് വയസ്സുള്ളപ്പോൾ ശാഖയിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആർ.എസ്.എസിലെ പലരിൽനിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് തന്നെ വിഷാദരോഗത്തിന് അടിമായാക്കിയെന്നും യുവാവ് പറയുന്നു. ലൈംഗിക പീഡനം മാത്രമല്ല, ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് തന്നെ തല്ലിയിട്ടുണ്ട്. ഇതിൽ നിന്ന് പുറത്തുവന്നത് കൊണ്ടാണ് തനിക്കിത് പറയാൻ പറ്റിയത്. ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും കുറിപ്പിലുണ്ട്.
വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയത് കൊണ്ട് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ആർ.എസ്.എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് എഴുതുന്നു. താൻ മാത്രമല്ല, പല കുട്ടികളും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് നൽകണം. താൻ ഇപ്പോൾ അനുഭവിക്കുന്ന വിഷാദാവസ്ഥ എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ലെന്നും കുറിപ്പിലുണ്ട്.

