Spread the love

മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റില്‍.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നില്‍ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രി തിരുവണ്ണാമലൈയിലാണ് സംഭവം.

തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലൈയിലേക്ക് വാനില്‍ പോകുകയായിരുന്നു സഹോദരികള്‍. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള്‍ ബൈപ്പാസിലെത്തിയപ്പോള്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ വേണ്ടി ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോകുകയും മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ സഹോദരികളെ റോഡിനരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.
റോഡരികില്‍ രണ്ട് സ്ത്രീകളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച് ഇരുവരെയും തിരുവണ്ണാമലൈ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായി. പിന്നാലെ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു.

തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസുദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.