Spread the love

വളാഞ്ചേരി: സാമൂഹികമാധ്യമംവഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടശേഷം അഞ്ചരപ്പവൻ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(21)യാണ് വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. തന്റെ പിതാവ് സ്വർണവ്യാപാരിയാണെന്നും സ്വർണമാല പണിയിപ്പിച്ചുതരാമെന്നും പറഞ്ഞായിരുന്നു കബളിപ്പിക്കൽ.

പെൺകുട്ടിയ്ക്ക് വിവാഹവാഗ്‌ദാനം നൽകിയശേഷം പുതിയ മാല പണിയാൻ അതിന്റെ ചിത്രവും വീടിന്റെ ലൊക്കേഷനും ആവശ്യപ്പെട്ട് അജ്മൽ സന്ദേശമയച്ചിരുന്നു. പെൺകുട്ടി മാതാവിന്റെ മാല അവരറിയാതെ കൈക്കലാക്കിയശേഷം ലൊക്കേഷനും മാലയുടെ ചിത്രവും അയച്ചുകൊടുത്തു. തുടർന്ന് വീട്ടിലെത്തിയ അജ്മലിന് ജനാലവഴി മാല നൽകി. യുവാവ് പിന്നീട് സാമൂഹികമാധ്യമ അക്കൗണ്ട് ഡിലീറ്റ്‌ചെയ്ത് ഒളിവിൽപ്പോയി.

പെൺകുട്ടി പറ്റിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ രക്ഷിതാക്കളോട് വിവരം പറയുകയും വളാഞ്ചേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് അജ്മലിനെ പിടികൂടിയത്.

മുൻപ് കൽപ്പകഞ്ചേരി സ്വദേശിനിയെ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് അജ്മൽ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.