കൊച്ചി: വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടന്ന ആരോപണത്തെ തുടർന്ന് നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്കെതിരെയായിരുന്നു പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും നടി പരാതി നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം റിനിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നടി പരാതിയില്‍ പറയുന്ന വ്യക്തികൾക്കെതിരെ പ്രത്യേകമായിട്ടായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്താവുന്ന കുറ്റം പരാതിയില്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
തന്നെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നുവെന്നും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയെന്നുമാണ് റിനി നൽകിയ പരാതി. തന്നെ മനപ്പൂർവം വേട്ടയാടുകയാണ് ചിലരെന്നും റിനി പറഞ്ഞു. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ആയിരുന്നു റിനിയ്ക്ക് നേരെ സൈബർ ആക്രമണം ശക്തമായത്.
അതേസമയം യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമത്തിന്റെ വഴിയെ പോകുന്നില്ലെന്ന് നടി വീണ്ടും കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവ നടി അടക്കം നിയമനടപടിക്ക് ഇല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചെന്ന വാർത്തകൾ പുറത്ത് വന്നതിന് തൊട്ടപിന്നാലെയാണ് റിനി ആൻ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിപ്പുമായി രംഗത്ത് വന്നത്.
സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും നിയമവഴി സ്വീകരിക്കുന്നില്ല. എന്നാൽ എല്ലാം പൂട്ടിക്കെട്ടി എന്ന് അർഥമില്ലെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.

