നടുങ്ങി കേരളം…മക്കളുടെ മദ്യലഹരി അതിക്രമത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് അച്ഛന്‍മാര്‍ക്ക്. തൃശൂരും ചേര്‍ത്തലയിലുമാണ് സംഭവങ്ങള്‍.ഇരട്ടകളായ മക്കള്‍ രണ്ടാഴ്ച മുന്‍പു മദ്യലഹരിയിലെത്തി മര്‍ദിച്ചതിനെ തുടര്‍ന്ന് സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 8ാം വാര്‍ഡ് ചന്ദ്രാനിവാസില്‍ ചന്ദ്രശേഖരന്‍ നായരാണ് (79) ഞായറാഴ്ച രാവിലെ മരിച്ചത്.പിതാവിനെ മര്‍ദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മക്കളായ അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവര്‍ റിമാന്‍ഡിലാണ്.
മര്‍ദനമേറ്റ് അവശനായ ചന്ദ്രശേഖരന്‍ നായരെ മൂത്തമകന്‍ പ്രവീണാണു ചേര്‍ത്തലയിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തു.ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മക്കളുടെ മര്‍ദനത്തെത്തുടര്‍ന്നുണ്ടായ പരുക്കുകളാണോ മരണകാരണമെന്ന് ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. മര്‍ദനമാണു മരണ കാരണമെങ്കില്‍ പ്രതികളായ മക്കള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പട്ടണക്കാട് പൊലീസ് പറഞ്ഞു.
തൃശൂര്‍ വാടാനപ്പള്ളിയില്‍ വഴക്കിനിടയില്‍ ചുമരില്‍ തലയടിച്ച് വീണ് മണപ്പാട് സ്വദേശി മോങ്ങാടി വീട്ടില്‍ രാമു (71) മരിച്ച സംഭവത്തില്‍ മകന്‍ രാഗേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രി രാഗേഷും രാമുവും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയില്‍ രാഗേഷ് രാമുവിനെ ചുമരിലേക്ക് തള്ളിയിട്ടതാണെന്ന് പൊലീസ് പറഞ്ഞു. രാമുവിന്റെ ഭാര്യ ശകുന്തളയുടെ പരാതിയില്‍ രാഗേഷിനെ പ്രതിയാക്കി കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. സംഭവസമയം രാഗേഷും രാമുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശകുന്തള ബന്ധുവീട്ടിലായിരുന്നു. സംഭവത്തിന് ശേഷം രാത്രി 10ന് രാഗേഷ് ശകുന്തളയെ ഫോണില്‍ വിളിച്ച് അച്ഛനുമായി വഴക്കിട്ട കാര്യം പറഞ്ഞിരുന്നു. ശകുന്തള രാത്രി തന്നെ വീട്ടിലെത്തി ഏങ്ങണ്ടിയൂരില്‍ സ്വകാര്യ ആശുപത്രിയില്‍ രാമുവിനെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

