Spread the love

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമ്മരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമ്മരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നുവെന്നും ചിന്നയ്യ വെളിപ്പെടുത്തി.

പ്രത്യേക അന്വേഷണ സംഘം റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ മണ്ണ് ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കുമെന്നാണ് വിവരം. തെളിവുകളെല്ലാം ശേഖരിച്ച ശേഷം, ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മഹേഷ് ഷെട്ടി തിമ്മരോടിക്ക് നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയായാൽ സുജാത ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ധർമസ്ഥല കേസിൽ വഴിത്തിരിവായത് ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണെന്നാണ് പൊലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയിൽ താൻ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തൽ. എന്നാൽ, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടെതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.