Spread the love

കോട്ടയം: ബാലസാഹിത്യരംഗത്തെ അതുല്യ പ്രതിഭയായ തേക്കിന്‍ കാട് ജോസഫിന് ദര്‍ശന കള്‍ച്ചര്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ അവാര്‍ഡ് മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണൻ സമ്മാനിച്ചു. ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കേരള ഗവ.ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, സി.എം.ഐ പ്രൊവിന്‍ഷ്യല്‍ റവ.ഡോ. എബ്രഹാം വെട്ടിയാങ്കല്‍, ദര്‍ശന ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പങ്കെടുത്തു.

നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ തേക്കിന്‍കാട് ജോസഫിന്റെ ”സൂപ്പര്‍ ബോയ് രാമു” എന്ന ഇംഗ്ലീഷിലുള്ള ബാലസാഹിത്യകൃതിയും സാഹിത്യ രംഗത്തെ സമഗ്രസംഭാവനകളും കണക്കിലെടുത്താണ് ഈ അവാര്‍ഡ്. ദീപിക പ്രസിദ്ധീകരണമായ
കുട്ടികളുടെ ദീപികയുടെ പത്രാധിപരായി പത്രപ്രവര്‍ത്തന രംഗത്ത് തുടക്കമിട്ട തേക്കിന്‍കാട് ജോസഫ് തന്റെ എണ്‍പത്തിയഞ്ചാം വയസ്സിലും വിശ്രമമില്ലാതെ കര്‍മ്മനിരതനാണ്. പെട്ടെന്നായിരുന്നു അദ്ദേഹം കുട്ടികളുടെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും മുഖ്യധാര മാധ്യമത്തിലേക്ക് പദമൂന്നിയത്.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി കോട്ടയം പ്രസ്‌ക്ലബിന്റെ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടറായി അദ്ദേഹം സേവനം ചെയ്യുന്നു. 85 വയസിലും ഒരു ജേര്‍ണലിസം  സ്കൂളിൻറെ ഡയറക്ടർ ആയിരിക്കുക എന്നത്  അപൂർവമായ ലോക റിക്കാർഡ് ആണ്.

സിനിമ , നാടകം, നോവല്‍, ചെറുകഥ, ലേഖനങ്ങള്‍ ബാലസാഹിതൃം , സീറോ മലബാര്‍സഭാ ചരിത്ര പണ്ഡിതന്‍ തുടങ്ങി അങ്ങനെ. ഐഎഎഫ് കെ ജൂറി അംഗം, കേരളാ ഫിലിംക്രിട്ടിക് അസോസിയേഷന്‍ പ്രസിഡണ്ട്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രസിഡണ്ട്, ദര്‍ശന അന്താരാഷ്ട്ര പുസ്തകോത്സവം കണ്‍വീനര്‍, പകലോമറ്റം കുടുംബ യോഗം സെക്രട്ടറി എന്നിങ്ങനെ തിരക്കുകള്‍ക്കിടയിലും കോട്ടയത്തിന്റെ കലാ സാംസ്‌ക്കാരിക രംഗത്ത് അദ്ദേഹം തിളങ്ങി നില്ക്കുന്നു.