Spread the love

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എത്തിയപ്പോള്‍ വഴിയരികില്‍ കാത്തുനിന്ന് മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി രമേശ് ചെന്നിത്തലയും.

ഹരിപ്പാടിലൂടെ വി എസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടേ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കുട്ടിക്കാലം മുതല്‍ നമ്മള്‍ കാണുന്ന നേതാവാണ് വി എസ്. ഞങ്ങള്‍ വ്യത്യസ്ത രാംഗത്താണെങ്കില്‍പ്പോലും വ്യക്തിപരമായ അടുപ്പമുണ്ട്. പുറമേ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആര്‍ദ്രതയുള്ള ഒരു മനസ്സ് വിഎസ്സിന് ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റയ്ക്ക് കാണുമ്പോഴെല്ലാം പഴയ കാര്യങ്ങള്‍, പുന്നപ്ര വയലാര്‍ സമരകഥകളൊക്കെ പറയുമായിരുന്നു. എപ്പോഴും പോരാട്ടവീര്യം നിറഞ്ഞ വ്യക്തിത്വമാണ്. ജനങ്ങളുടെ പ്രശ്നങ്ങളുമായി എപ്പോഴും ഇടപെട്ടു നിന്ന നേതാവാണ്. ആലപ്പുഴയുടെ കാര്യത്തില്‍ വി എസിന് വലിയ വികാരമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനമേഖല മാറുന്നത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. നമുക്കെല്ലാം വളരെ അടുപ്പമുള്ള നേതാവാണ് വി എസ് അച്യുതാനന്ദന്‍. എപ്പോഴും തന്നോട് വലിയ സ്നേഹവും താല്‍പ്പര്യവും കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യയാത്ര വരുമ്പോള്‍ താന്‍ ഇവിടെ ഉണ്ടായിരിക്കേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളിലുമെത്തി രമേശ് ചെന്നിത്തല അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് തിരുവനന്തപുരത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് ദര്‍ബാര്‍ ഹാളില്‍ നിന്നും ആലപ്പുഴയിലേക്ക് വിലാപയാത്ര ആരംഭിച്ചത്. വഴിയിലുടനീളം ജനസാഗരം തന്നെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര നിശ്ചയിച്ചതിലും വൈകിയാണ് മുന്നോട്ടുപോകുന്നത്. തിരുവനന്തപുരത്തുനിന്നും കൊല്ലം ജില്ലയിലെത്താന്‍ തന്നെ ഏറെ വൈകി. രാത്രിയിലും ഉറക്കമിളച്ചും മഴയെ അവഗണിച്ചും വന്‍ജനക്കൂട്ടം വഴിയരികില്‍ വിഎസിനെ കാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
പുന്നപ്രയിലെ വിഎസിന്റെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചശേഷം, അവിടെ നിന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക.