Spread the love

ദില്ലി: ദില്ലിയിലെ 36കാരന്റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സംഭവത്തിൽ യുവാവിന്റെ ഭാര്യയും ഭര്‍ത്താവിന്‍റെ ബന്ധുവും അറസ്റ്റിൽ. കരൺദേവ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്‍റെ ബന്ധു രാഹുൽ (24) എന്നിവർ അറസ്റ്റിലായി.

കരൺ ദേവിനെ ജൂലൈ 13നാണ് ഭാര്യ സുസ്മിത മാതാ രൂപ്രാണി മാഗോ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അബദ്ധത്തിൽ വൈദ്യുതാഘാതമേറ്റതായാണ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിലെത്തിയപ്പോഴേക്കും കരൺ മരിച്ചിരുന്നു. അപകടമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചു. എന്നാൽ കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർബന്ധിച്ചു.

ഇതിനിടെ, കരണിന്‍റെ മരണം നടന്ന് മൂന്നു ദിവസത്തിനു ശേഷം, അദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ കുനാൽ പൊലീസിനു മുന്നിൽ പരാതിയുമായെത്തി. കരണിനെ ഭാര്യയും ബന്ധുവും ചേർന്ന് ആസൂത്രിതമായി കൊന്നതാണെന്നായിരുന്നു കാനിലന്‍റെ ആരോപണം. ഇതിനു തെളിവായി സുസ്മിതയും രാഹുലും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകളും ഇയാൾ ഹാജരാക്കി.

ഇതിൽ നിന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും, അതുകൊണ്ടാണ് കരണിനെ കൊല്ലാൻ തീരുമാനിച്ചതെന്നും വ്യക്തമായി. ഇവർ കരണിന് അത്താഴത്തിനിടെ 15 ഉറക്കഗുളികകൾ നൽകി അബോധാവസ്ഥയിലാക്കി. തുടർന്ന് അപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരും കിരണിനെ വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു.

സുസ്മിതയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സുസ്മിതയും കരണും ഏഴു വര്‍ഷം മുൻപാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് 6 വയസുള്ള ഒരു കുട്ടിയുമുണ്ട്.

തന്നെ പലപ്പോഴും ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നു എന്നും, പലപ്പോഴും പണം ചോദിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇത് വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാക്കിയെന്നും സുസ്മിത പൊലീസിനോടു പറഞ്ഞു.

ഇതിനിടെയാണ് ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുക്കുന്നത്.