ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി. ബന്ധുവിനൊപ്പം ഇന്ന് പുലർച്ചെയാണ് എത്തിയത്. മകളുടെയും കുട്ടിയുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരോട് ആവശ്യപ്പെടും. അതേസമയം വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഇന്ന് രാത്രിയോടെ ഷാർജയിൽ എത്തും.ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായും ബന്ധുക്കൾ സംസാരിക്കും.
സംഭവത്തിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേരളാ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീധനപീഡനം, ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭർത്താവ് നിധീഷ്, ഭർത്തൃസഹോദരി നീതു, നിധീഷിന്റെ അച്ഛൻ എന്നിവർ ഒന്നുമുതൽ മൂന്നുവരെ പ്രതികളാണ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിന്റെ ഭാര്യ വിപഞ്ചിക(33)യെയും മകൾ വൈഭവിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഇവർ താമസിച്ചിരുന്ന ഷാർജ അൽ ക്വായ്‌സിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കോട്ടയം സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം 2020 നവംബറിലായിരുന്നു . വിവാഹശേഷം ഷാർജയിൽ തന്നെയുള്ള ഭർത്താവിന്റെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു താമസം. എന്നാൽ ആദ്യദിവസംമുതൽ കടുത്ത പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

