തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്.
ജോര്‍ലിയെ ഇക്കഴിഞ്ഞ 26നാണ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് തന്റെ കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്.
ടോണിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചമുത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പൊലീസ് തെളിവെടുക്കുകയും ചെയ്തു. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

