Spread the love

ചെന്നൈ : കുടുംബ കലഹത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവു വെട്ടിക്കൊന്നു. വിസികെ കൗൺസിലർ എസ്.ഗോമതിയെ (38) ഭർത്താവ് സ്റ്റീഫൻ രാജാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഗോമതി തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറാണ്. കൊലപാതകത്തിനു പിന്നാലെ സ്റ്റീഫൻ രാജ് പൊലീസിൽ കീഴടങ്ങി. ഇയാളും വിസികെ നേതാവാണ്.

ഇരുവരും 4 കുട്ടികൾക്കൊപ്പം പെരിയ കോളനിയിലാണു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവർക്കും ഇടയിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

മറ്റൊരു യുവാവുമായി ഗോമതിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇതേച്ചൊല്ലി വെള്ളിയാഴ്ച രാത്രി, തർക്കമുണ്ടായതിനു പിന്നാലെ, ഭർത്താവ് സ്റ്റീഫൻ രാജ് യുവതിയെ വെട്ടുകയായിരുന്നു.

ഗോമതിയെ മറ്റൊരു പുരുഷനുമായി ജയറാം നഗറിന് സമീപം സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ഭർത്താവ് കണ്ടിരുന്നു.രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് ഗോമതിയെ തപ്പി ഭർത്താവ് ഇറങ്ങിയത്. പിന്നാലെ വീട്ടിലെത്തി ഇരുവർക്കും ഇടയിൽ തർക്കം രൂകഷമായി. പിന്നാലെ പെട്ടെന്നുള്ള അക്രമണത്തിൽ സ്റ്റീഫൻ രാജ് കത്തി പുറത്തെടുത്ത് ഗോമതിയെ തുരുതുരാ കുത്തുകയായിരുന്നു. ഗോമതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതും അവർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗോമതിയെ ആയിരുന്നു. ശേഷം സ്റ്റീഫൻ രാജ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

തിരുവള്ളൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോമതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.