Spread the love

തൃശൂര്‍: പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് കണ്ടെത്തല്‍. രണ്ട് എഫ്‌ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂര്‍ സ്വദേശി ഭവി.

2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നല്‍കി.

ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അര്‍ധരാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് റൂറല്‍ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവന്‍ സ്റ്റേഷനില്‍ എത്തിയത്.

അനീഷ ഭാവിയില്‍ തന്നെ ഒഴിവാക്കിയാല്‍ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിന്‍ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോണ്‍ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഗര്‍ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയില്‍ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
പ്ലംബിങ് തൊഴിലാളിയാണ് ഭവിന്‍. ഫോറന്‍സിക് സര്‍ജന്‍ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.