Spread the love

കൊച്ചി: താരസംഘടനയായ അമ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് താനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ പിന്‍ഗാമിക്കായി സംഘടന ശ്രമം തുടങ്ങി. മൂന്നു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് പരിപാടി. സംഘടനയുടെ അടുത്ത പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിലപാടുകള്‍ സ്വാധിനം ചെലുത്തിയേക്കാം.

തെരഞ്ഞെടുപ്പു നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ നിലവിലെ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയുള്ള പ്രമേയം യോഗം അംഗീകരിച്ചു. തിരഞ്ഞെടുപ്പു വരെ അഡ്‌ഹോക് കമ്മിറ്റി തുടരും. വൈകാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും യോഗം ചേര്‍ ന്നേക്കും.

താന്‍ ഇനി പ്രസിഡന്റാകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹന്‍ലാല്‍ നിലപാട് എടുക്കുകയായിരുന്നു. അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയ്ക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതം ലാല്‍ പറഞ്ഞു..

യോഗത്തില്‍ പ്രസംഗിച്ച ഇരുപതിലേറെപ്പേര്‍ മോഹന്‍ലാല്‍ തുടരണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നിന്നു. 500 അംഗങ്ങളില്‍ 320 പേര്‍ പൊതുയോഗത്തിനെത്തി. മുതിര്‍ന്ന നടന്‍ മധു ഓണ്‍ലൈനാണ് പങ്കെടുത്തത്.