Spread the love

തിരുവനന്തപുരം: ഷാപ്പിൽ കയറി ഭക്ഷണം കഴിക്കുന്നവരെയും പിടികൂടാനൊരുങ്ങി സർക്കാർ.

സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള പുതിയ നീക്കമാണ്
സംസ്ഥാനത്തെ കള്ളുഷാപ്പുകളെ കൂടി ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്. കള്ളിനൊപ്പം കപ്പയും മീൻകറിയും ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഷാപ്പുകളിൽ നിന്നാണ് നികുതി ഈടാക്കുക. നാമമാത്രമായി കള്ള് വിൽക്കുകയും, റെസ്റ്റോറന്റ് എന്ന നിലയിൽ ലക്ഷങ്ങൾ വരുമാനം നേടുകയും ചെയ്യുന്ന ഷാപ്പുകളെ നികുതി വലയിലാക്കാനാണ് ഈ നീക്കം.

എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഷാപ്പുകളുടെ വാർഷിക വിറ്റുവരവ് കണക്കാക്കി നികുതി ഏർപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ജിഎസ്ടി വകുപ്പിൽ നടപടികൾ ആരംഭിച്ചു.
ജിഎസ്ടി നിയമം നിലവിൽ വന്നപ്പോൾ മദ്യത്തെയും കള്ളിനെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ആനുകൂല്യത്തിന്റെ മറവിൽ, പല കള്ളുഷാപ്പുകളും വലിയ റെസ്റ്റോറന്റുകളായി പ്രവർത്തിക്കുകയും എന്നാൽ ഭക്ഷണ വിൽപ്പനയ്ക്ക് നികുതി നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് സർക്കാർ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ഭക്ഷണത്തിനാണ് നികുതി നല്കേണ്ടത്. കള്ളിന് നിലവിലെ നികുതിയിളവ് തുടരും. എന്നാൽ, ഒപ്പം വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി നൽകേണ്ടി വരും.

വിറ്റുവരവ് അടിസ്ഥാനമാക്കി 20 ലക്ഷത്തിന് മുകളിൽ വാർഷിക സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങളെയാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇവർക്ക് 5% ജിഎസ്ടി വന്നേക്കാം.

ബാറുകളിൽ മദ്യത്തിന് ജിഎസ്ടി ഇല്ലെങ്കിലും, ഒപ്പം വിൽക്കുന്ന ഭക്ഷണത്തിനും ശീതളപാനീയങ്ങൾക്കും നികുതിയുണ്ട്. ഇതേ മാതൃക കള്ളുഷാപ്പുകളിലും നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഈ നീക്കം നടപ്പിലാകുന്നതോടെ, കള്ളുഷാപ്പുകളിൽ വിൽക്കുന്ന ഭക്ഷണത്തിന് വില വർധിക്കാൻ സാധ്യതയുണ്ട്.

അതേസമയം, സർക്കാർ ഇതൊരു പുതിയ വരുമാന മാർഗ്ഗമായി മാറ്റാനാണ് ലക്ഷൃമിടുന്നത്. നികുതി പിരിക്കുന്നതോടെ ഇത് ഷാപ്പ് ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് വലിയ തിരിച്ചടിയാകും. ഷാപ്പ് ഭക്ഷണത്തിന് ഇനി വില ഉയരും.