Spread the love

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ പിറന്നാള്‍ ആഘോഷം വിവാദത്തില്‍.
ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷിന്റെ പിറന്നാളിന് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചു. ഇതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

മേയ് 30 ന് നടന്ന ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നത്. ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹാപ്പി ബര്‍ത്ത് ഡേ ബോസ് എന്ന തലക്കെട്ടോടെയാണ് റീല്‍സ് പങ്കുവച്ചത്.

കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ഇന്‍സ്പെക്ടറുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. സംഭവത്തില്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ താമരശേരി ഡിവൈഎസ്പി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അഭിലാഷിനെതിരെ നടപടിയുണ്ടായേക്കും.