ചെന്നൈ: യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച 32കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശിയായ ശശികല എന്ന യുവതിയാണ് രണ്ടാമത്തെ പ്രസവത്തിനിടയില്‍ ജീവന്‍ വെടിഞ്ഞത്. കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും ഈ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
യുവതിയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. തുടർന്ന് ഇവര്‍ക്ക് അലോപ്പതി മരുന്നുകളോടും ആശുപത്രികളോടും കടുത്ത വിമുഖത തോന്നിയിരുന്നതായാണ് വിവരം. ഇതോടെ രണ്ടാമത്തെ പ്രസവത്തില്‍ എങ്ങനെയെങ്കിലും ശസ്ത്രക്രിയ ഒഴിവാക്കണമെന്നും ‘നാച്ചുറല്‍’ ആയി പ്രസവിക്കണമെന്നുമുള്ള കടുംപിടുത്തത്തിലായിരുന്നു ഇവരുടെ കുടുംബം. പക്ഷെ ഇതിനായി ഇവര്‍ ആശ്രയിച്ചതാകട്ടെ യൂട്യൂബിലെ വ്യാജ അറിവുകളെയും.
ഒടുവില്‍ ജൂണ്‍ 24-ന് വീട്ടില്‍ വെച്ച് പ്രസവം നടന്നു. കുഞ്ഞ് പുറത്തെത്തിയതിന് പിന്നാലെ ശശികലയ്ക്ക് കടുത്ത രീതിയില്‍ അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. അവസ്ഥ കൈവിട്ടുപോയതോടെ പെരുന്തുറൈയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

