Spread the love

കോട്ടയത്തിന്റെ വായനകൂട്ടായ്മയെ ഇനി വിബി ബിനു നയിക്കും

കോട്ടയത്തിന്റെ അക്ഷരപ്രസാദവും സാംസ്‌കാരിക ഭൂമികയുമായ കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റും ചില്‍ഡ്രന്‍സ് ലൈബ്രറി ചെയര്‍മാനുമായി അഡ്വ. വി. ബി ബിനുവിനെ തിരഞ്ഞെടുത്തു. സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയായ ബിനു പ്രസിഡന്റ് ആയിരുന്ന എബ്രഹാം ഇട്ടിച്ചെറിയയുടെ നിര്യാണത്തെ തുടര്‍ന്ന് ചേര്‍ന്ന ലൈബ്രറി ഭരണസമിതിയാണ് വൈസ് പ്രസിഡന്റായിരുന്ന വി.ബി ബിനുവിനെ പ്രസിഡന്റായും ഭരണസമിതിയംഗമായിരുന്ന ഉമ്മന്‍ സി വേങ്ങലിനെ വൈസ് പ്രസിഡന്റായും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

കോട്ടയം ബാറിലെ മുതിര്‍ന്ന അഭിഭാഷകനും ഐപ്‌സോ ദേശീയ സെക്രട്ടറിയടക്കം വിവിധ സാംസ്‌ക്കാരിക സംഘടനാ ഭാരവാഹിയുമായ വി.ബി.ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയും പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യ ചെയര്‍മാനും ജനയുഗം ദിനപത്രം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐറ്റിയുസി സംസ്ഥാന സെക്രട്ടറിയും നിരവധി ട്രേഡ് യൂണിയന്‍ ഭാരവാഹിയുമാണ്.

സിവില്‍ എന്‍ജിനീയര്‍ എംകെ മിനിയാണ് ഭാര്യ. ജയകൃഷ്ണന്‍ (സീനിയര്‍ മാനേജര്‍ ഡിലോയിറ്റ് ,ബാഗ്ളൂര്‍) ഹരികൃഷ്ണന്‍ (ഡയറക്ടര്‍, ഗ്ലോബല്‍ ഇന്‍സൈറ്റ് എംസി സാച്ചി ഇന്തോനേഷ്യ) എന്നിവര്‍ മക്കള്‍.

144 വര്‍ഷം മുന്‍പ് 1882 ല്‍ ദിവാന്‍ പേഷ്‌ക്കാര്‍ ആയിരുന്ന ടി.രാമറാവു പ്രസിഡന്റായി അക്ഷരനഗരിയില്‍ ആരംഭിച്ച കോട്ടയം പബ്ലിക്ക് ലൈബ്രറി രണ്ടരലക്ഷം പുസ്തകങ്ങള്‍, ഗവേഷകര്‍ക്കും മത്സരപരീക്ഷകള്‍ക്കു തയാറെടുക്കുന്നവര്‍ക്കുമായ പ്രത്യേക റഫറന്‍സ് ലൈബ്രറി, ഡിജിറ്റലൈസ്ഡ് ലൈബ്രറി, തിരുനക്കരയിലെയും ശാസ്ത്രി റോഡിലെയും ബഹുനില ലൈബ്രറി മന്ദിരങ്ങള്‍, സജീവമായ കുട്ടികളുടെ ലൈബ്രറി, കെ പി എസ് മേനോന്‍ ഹാള്‍ ഉള്‍പ്പെടെ നാല് ഓഡിറ്റോറിയങ്ങള്‍, ആര്‍ട്ട് ഗാലറി, മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക വായനാമുറി, കാഞ്ഞിരത്തും ആനത്താനത്തുമടക്കം ആറ് റീഡിഗ് റൂമുകള്‍, കുട്ടികളുടെ പാര്‍ക്ക്, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രണ്ടു വര്‍ഷം ലൈബ്രറിയില്‍ താമസിച്ച് പൂര്‍ത്തിയാക്കിയ 36 അടി ഉയരമുള്ള അക്ഷരശില്പം ഇവയൊക്കെചേര്‍ന്ന സംസ്ഥാനത്തെ ശ്രദ്ധേയമായ സാംസ്‌കാരിക കേന്ദ്രമാണ്.