Spread the love

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 4 മരണം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനങ്ങളുടെ ഫലമായി ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. ദുരന്തബാധിത മേഖലകളിൽ നിന്നും 130ഓളം പേരെ രക്ഷാ പ്രവർത്തകർ ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. കാണാതായ 8 സൈനികർ ഉൾപ്പെടെ മണ്ണിനും തകർന്ന കെട്ടിടങ്ങൾക്കുമടിയിൽ പെട്ട 100ഓളം പേർക്കായി ​പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം തുടരുകയാണ്.

അതേസമയം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നു. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം.