Spread the love

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകൾ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. ഇന്ന് 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 9805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തരവില അനുദിനം മുന്നേറുന്നതും ഡോളറിനെതിരെ രൂപയുടെ വീഴ്ചയുമാണ് കേരളത്തിലെ സ്വർണവിലയ്ക്കും ഉത്തേജകമാകുന്നത്.

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.