Spread the love

ചെന്നൈ: പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. ബിജെപിയിൽ നടി ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കാൻ കാരണമായിരിക്കുന്നത്.

“ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജിയോടൊപ്പം. നിങ്ങളെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയായി തോന്നി. സർ. നിങ്ങളിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവി ആത്മവിശ്വാസത്തോടെ നയിക്കാൻ എന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ സമയത്തിന് വളരെ നന്ദി.” – ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം മീന കുറിച്ചു.

അതേസമയം പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പറഞ്ഞു. മീന ബിജെപിയിലേക്കെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . മീനക്ക് സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് വിവരം. തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടന്‍ പുറത്തുവരും. അതില്‍ മീനയ്ക്കും നേരത്തേത്തന്നെ ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് വിവരം.