Spread the love

തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് മഴ കനക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

അതേസമയം വിവിധ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 12 മണിക്കത്തെ കണക്കുകൾ പ്രകാരം 134 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലെത്തിയാൽ വെള്ളം പുറത്തേക്ക് ഒഴുക്കും.

കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.