Spread the love

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.

മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. വനംവകുപ്പുംപോലീസും നാട്ടുകാരുമടങ്ങുന്ന നൂറോളം പേരുടെസംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. അന്ന് വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയിൽ കുട്ടി പിറകിൽ നിൽക്കുന്നുണ്ട്. എന്നാൽ 5:35ന് എടുത്ത് ഫോട്ടോകളിൽ കുട്ടിയെ കാണാനില്ല. തുടർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.