മുംബൈ: മുംബൈയിൽ നാലംഗ കുടുബം മരിച്ചതിന് കാരണം തണ്ണിമത്തൻ കഴിച്ചതു മൂലമുള്ള ഭക്ഷ്യവിഷബാധ അല്ലെന്ന് പ്രാഥമിക റിപ്പോർട്ട്. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറൻസിക് പരിശോധനകളിൽ വ്യക്തമായത്.
അതേസമയം മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ നിറം മാറ്റം എന്തോ വിഷാംശം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
അബ്ദുള്ള ദൊക്കാദിയയുടെ ശരീരത്തിൽ കണ്ടെത്തിയത് കടുത്ത വേദനസംഹാരിയായി ഉപയോഗിക്കുന്ന ‘മോർഫിന്റെ’ സാന്നിധ്യമാന് ഇത് കേസിൽ വലിയ വഴിത്തിരിവായിട്ടുണ്ട്. അബ്ദുള്ള ഏതെങ്കിലും തരത്തിലുള്ള ചികിത്സ തേടിയിരുന്നോ അതോ ആരെങ്കിലും ബോധപൂർവ്വം ഇയാൾക്ക് മോർഫിൻ നൽകിയതാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇത്തരമൊരു ലഹരിവസ്തു നാലംഗ കുടുംബത്തിന്റെ മരണത്തിലേക്ക് എങ്ങനെ നയിച്ചു എന്നതിൽ വിശദമായ ശാസ്ത്രീയ അന്വേഷണം ആവശ്യമാണ്.
ശനിയാഴ്ച രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ നാലുപേർക്കും ഒരേസമയം ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

