Spread the love

തലസ്ഥാനത്ത് പഴ്‌സണല്‍ സ്റ്റാഫില്‍ കയറികൂടാന്‍ നേതാക്കളുടെ നീണ്ട നിര, തമ്പടിച്ച് നേതാക്കള്‍,നിയമസഭ വഴികളിലും ശുപാര്‍ശക്കാര്‍, സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തെ ഇടതു ഭരണകാലത്തെ കീഴ് വഴക്കം ചൂണ്ടികാട്ടി പ്രതിരോധിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുനിയമന വിവാദം ചര്‍ച്ചയായിരിക്കെ ഇടതു കാലത്തെ നിയമനങ്ങള്‍ ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് പ്രതിരോധം. മുന്‍ മന്ത്രി പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, കെടി ജലീല്‍ എന്നിവരുടെ സമാനമായ നിയമനങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ മകന്റെ ഭാര്യയെ പഴ്‌സണല്‍ സ്റ്റാഫിലേക്ക് നിയോഗിച്ചതാണ് പ്രധാനമായും ചൂണ്ടികാട്ടുന്നത്.സണ്ണി ജോസഫ് എംഎല്‍എയാകുന്നതിനു മുന്‍പും ബെന്നി പാര്‍ട്ടിയില്‍ നേതൃചുമതലകള്‍ വഹിച്ചിരുന്നെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്. ഇത് നഗ്നമായ സ്വജനപക്ഷപാതമാണെന്നും ശരിയല്ലെന്നു പകല്‍വെളിച്ചം പോലെ അറിയാവുന്ന കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. നിയമനം ശരിയോ, തെറ്റോ എന്നു മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

സഹോദരീഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബെന്നി തോമസിനെയാണ് അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. 2 തവണ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും ഉളിക്കല്‍ സഹകരണ ബാങ്ക് സെക്രട്ടറിയുമായിട്ടുള്ള ബെന്നി കണ്ണൂര്‍ ഡിസിസി സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സണ്ണിയുടെ ചീഫ് ഏജന്റുമായിരുന്നു.

അതേ സമയം യുഡിഎഫ് സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായുളള തള്ള് തുടരുകയാണ്. മന്ത്രിസഭ ചുമതലയേറ്റുവെങ്കിലും ഡപ്യൂട്ടേഷന്‍ സ്റ്റാഫ് മാത്രമാണ് ഇപ്പോള്‍ നിയമിക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ ആറോളം മാധ്യമ പ്രവര്‍ത്തകരും ആദ്യ ലിസ്റ്റില്‍ ഇടം പിടിച്ചു. ഇവര്‍ വിവിധ മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കപ്പെട്ടേക്കാം. കോണ്‍ഗ്രസ് അനുഭാവമുളള മാധ്യമപ്രവര്‍ത്തകര്‍, പാര്‍ട്ടി മുഖപത്രത്തിലും ചാനലിലുമുളള മാധ്യമപ്രവര്‍ത്തകര്‍. കൂടാതെ പ്രമുഖ ദിനപത്രങ്ങളിലെ ചില മാധ്യമപ്രവര്‍ത്തകരും നിയമന ക്യൂവിലാണ്. നിലവില്‍ 700 ഓളം അപേക്ഷകളാണ് ഉളളത്. ലീഗും കേരള കോണ്‍ഗ്രസും നിയമന നടപടികളിലാണ്.

കഴിഞ്ഞ മന്ത്രിസഭാ പഴ്‌സണല്‍ സ്റ്റാഫ് നിയമനം തിരിച്ചടിയായ കേരള കോണ്‍ഗ്രസ് എം കോണ്‍ഗ്രസിന് പാഠമാണ്. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും സ്റ്റാഫില്‍ കയറി ആനൂകൂല്യവും ശമ്പളവും കൈക്കലാക്കിയവര്‍ ഭരണം തീരും മുമ്പേ ഗുഡ്‌ബൈ പറഞ്ഞു പുതിയ ലാവണങ്ങളിലെത്തി. ജോസ് കെ മാണി പ്രത്യേക താല്‍പര്യമെടുത്ത് ഭരണഘടനാ പദവികളില്‍ നിയോഗിച്ചവര്‍ ഇപ്പോള്‍ യുഡിഎഫിന് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു എന്നാണ് അണിയറ സംസാരം.