പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം.
മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍. ചൂടിനെത്തുടര്‍ന്ന് വീടിനകത്ത് കിടക്കാന്‍ പ്രയാസമായതിനാലാണ് ചന്ദ്രനും മറ്റ് രണ്ടുപേരും വീടിന് പുറത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. എന്നാൽ പുലര്‍ച്ചെയോടെ എത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ആന വരുന്നത് കണ്ട് പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് മാറാന്‍ കഴിഞ്ഞില്ല അപ്പോഴേക്കും ആന ആക്രമിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. വീടിന് സമീപത്തുള്ള പുളിന്‍ചോട്ടിലാണ് ചന്ദ്രന്‍ കിടന്നിരുന്നത്.

