പാലാ, പൂഞ്ഞാര്‍ നിയമസഭാമണ്ഡലങ്ങളില്‍ മത്സരം കൊഴുപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി ഷോണ്‍ ജോര്‍ജും പി.സി ജോര്‍ജും എത്തുമോ?
പാര്‍ട്ടി പറഞ്ഞാല്‍ പാലായില്‍ മത്സരിക്കും. മത്സരിക്കാന്‍ പറഞ്ഞാല്‍ മറുത്തൊന്നും പറയില്ല. പാര്‍ട്ടി എവിടെപ്പോയി മത്സരിക്കാന്‍ പറഞ്ഞാലും അത് അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. പാലായിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ പാര്‍ട്ടി നിര്‍ദേശം. അത് ചെയ്യുന്നുണ്ട്-പാലായില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിന് ശേഷമാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
എന്നാല്‍ അച്ഛനും മകനും മത്സരിക്കേണ്ട എന്ന നിലപാടാണ് തനിക്കുള്ളത്. പൂഞ്ഞാറില്‍ വിജയത്തിന് താന്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. മകന്‍ എംഎല്‍എ ആയി എത്തുമ്പോ താന്‍ കൂടി അവിടെപ്പോയി ഇരിക്കേണ്ട കാര്യമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം, പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പിക്കാം. എന്നാല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിന്റെ പേര് സജീവമായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പി സി ജോര്‍ജിന് തന്നെയാണ് പൂഞ്ഞാറില്‍ വിജയസാധ്യതയുള്ളത്. കഴിഞ്ഞ തവണ നാല്പത്തിയൊന്നായിരം വോട്ടുകള്‍ നേടി യുഡിഎഫിനെ പിന്തള്ളിക്കൊണ്ട് പി സി ജോര്‍ജ് പൂഞ്ഞാറില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

