ടെലിവിഷൻ വാർത്താരംഗത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമന് മനോരമ ന്യൂസില്‍ നിന്നും പടിയിറങ്ങുന്നു. ചാനലിലെ ഏറ്റവും പ്രമുഖമായ രാത്രികാല ചര്‍ച്ചയായ ‘കൗണ്ടര്‍ പോയിന്റ്’ അടക്കമുള്ള പ്രധാന പരിപാടികള്‍ നയിച്ച മുഖമാണ് നിഷ. മാനേജ്മെന്റിന് ഔദ്യോഗികമായി രാജി സമര്‍പ്പിച്ച മാധ്യമപ്രവര്‍ത്തക നിലവില്‍ മൂന്ന് മാസത്തെ നോട്ടീസ് കാലാവധിയിലാണ് ഉള്ളത്. വരുന്ന ഡിസംബറോടുകൂടി നിഷ മനോരമ ന്യൂസ് പൂര്‍ണ്ണമായി വിട്ട് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുറച്ചുകാലമായി ഡല്‍ഹി ബ്യൂറോയായിരുന്നു മാധ്യമപ്രവര്‍ത്തന കേന്ദ്രം.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചാനലിന്റെ തുടക്കം മുതല്‍ ജോലി ചെയ്യുന്ന നിഷ പുരുഷോത്തമന് രാജി സമര്‍പ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ സ്ഥിര സാന്നിധ്യമായ നിഷയുടെ ഈ അപ്രതീക്ഷിത രാജി മാനേജ്മെന്റിനെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ രാജി ഇതുവരെ മാനേജ്മെന്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന് മനോരമയുടെ ചാനല്‍ സംരംഭങ്ങളുടെ മേധാവി തന്നെ നേരിട്ട് രംഗത്തിറങ്ങി ചര്‍ച്ചകള്‍ നടത്തി വരികയാണ്.
എന്നാൽ യുഡിഎഫ് സർക്കാരിൽ പ്രമുഖ പദവിയിലേക്ക് നിഷയെ പരിഗണിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വാർത്തകളെ നിഷ തന്നെ ഫേസ് ബുക്ക് പോസ്റ്റിലുടെ തള്ളി. നിഷയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
“”സമൂഹമാധ്യമങ്ങളില്‍നിന്ന് പൊതുവെ അകന്നുനില്ക്കാന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എന്റെ നന്മ ആഗ്രഹിക്കുന്ന ചിലരുടെ നിര്‍ബന്ധം കൊണ്ടാണ് ഇത്തരമൊരു കുറിപ്പ് പങ്കുവയ്ക്കുന്നത്.
എന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കഥകളും അര്‍ധസത്യങ്ങള്‍ മാത്രമാണ്. നിരവധി സുഹൃത്തുക്കള്‍ തുടര്‍ച്ചയായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം”.
എല്ലാറ്റിലുമുപരി, സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരു സാധാരണ വ്യക്തിയാണ് ഞാന്‍. ഞാന്‍ പൊതുപ്രവര്ത്തകയോ രാഷ്ട്രീയ നേതാവോ സര്‍ക്കാര്‍ പദവി വഹിക്കുന്നയാളോ അല്ല. അതുകൊണ്ടുതന്നെ എന്റെ വ്യക്തിജീവിതം പൊതുസമൂഹത്തിന്റെ ചര്ച്ചാവിഷയമാകേണ്ടതില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.ദിവസം മുഴുവന്‍ ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ഈ കുറിപ്പ്.എന്റെ ഔദ്യോഗികമോ വ്യക്തിപരമോ ആയ ജീവിതവുമായി ബന്ധപ്പെട്ട് പൊതുസമൂഹം അറിയേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അത് ഇവിടെത്തന്നെ എല്ലാവരെയും അറിയിക്കുന്നതാണ്.
അതുവരെ, ദയവായി എന്നെയും എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞങ്ങളുടെ സ്വകാര്യതയിലേക്ക് മടങ്ങാന്‍ അനുവദിക്കുക.അനാവശ്യമായ ആകാംക്ഷയ്ക്കോ ഊഹാപോഹങ്ങള്‍ക്കോ ഇടം നല്‍കേണ്ട സാഹചര്യമില്ലെന്ന് സ്നേഹത്തോടടെ അറിയിക്കുന്നു.എന്റെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു…..“വ്യാജവാര്‍ത്ത വിശ്വസിച്ച് അഭിനന്ദിക്കുന്ന പ്രിയ സുഹൃത്തുക്കളോട് ….
ഞാന്‍ ഒരു സര്‍ക്കാര്‍ പദവിയിലും ഇല്ല ,എന്നെ ആരും ക്ഷണിച്ചിട്ടും ഇല്ല…..
ഒരു രാഷ്ട്രീയനേതാവും, പാര്‍ട്ടിയും എന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കാറുമില്ല….!
23 വര്‍ഷം മാധ്യമപ്രവര്‍ത്തനം എന്ന ഇഷ്ടമേഖലയില്‍ ഉല്‍സാഹത്തോടെ ജോലി ചെയ്തു…
അത് തുടരണോ വേണ്ടയോ എന്നത് എന്റെ തീര്‍ത്തും വ്യക്തിപരമായ കാര്യം മാത്രം……!
ആരുടെയോ ഭാവനയില്‍ വിരിഞ്ഞ കള്ളക്കഥകള്‍ സത്യമാണെന്ന് കരുതരുത്…..സമൂഹമാധ്യമ പ്രഖ്യാപനങ്ങള്‍ സത്യമായിരുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ട് രണ്ട് പതിറ്റാണ്ട് ആകുമായിരുന്നു…..!ആരുടെയൊക്കെയോ അരക്ഷിതാവസ്ഥയില്‍ ഉടലെടുക്കുന്ന ‘വ്യാജ നിയമന ഉത്തരവു’കള്‍ വിശ്വസിക്കരുത് എന്ന് അഭ്യര്‍ഥന !
ഇതിലൊന്നും കക്ഷിയല്ലാത്ത ആളുകളുടെ പേരുകള്‍ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും ഖേദകരമാണ്….ദയവുചെയ്ത് എന്നെ എന്റെ വഴിക്ക് വിടുക…
അതേ സമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പോസ്റ്റിലേക്കാണ് നിഷയെ പരിഗണിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.അതിനിടെ പിഎസ് സി അംഗങ്ങളുടെ ലിസ്റ്റിന് യുഡിഎഫ് അന്തിമ രൂപം നല്കി. ആറുവര്‍ഷം കാലാവധിയുളള പോസ്റ്റില്‍ ഘ
ടകക്ഷികള് ഊഴം വച്ചു പങ്കിട്ട് എടുക്കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് മൂസ്ലിം ലീഗ് കേരള കോണ്‍ഗ്രസ് കക്ഷികള്‍ക്കാണ് നിലവില്‍ ആദ്യഘട്ടത്തില്‍ ഊഴം ലഭിക്കുക. ഇതില്‍ കോണ്‍ഗ്രസ് ലിസ്റ്റില്‍ കോട്ടയത്തെ ഒരു മാധ്യമപ്രവര്‍ത്തകനും ഇടംപിടിച്ചിട്ടുണ്ട്. നീട്ടികിട്ടിയ സര്‍വീസ് കാലാവധിയില്‍ തുടരുന്നതിനിടെ പല പദവികള്‍ക്കുമായി അദ്ദേഹം ശ്രമിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിഎസ്സി പട്ടികയില്‍ ഇടം കിട്ടിയത്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ഒരു അഭിഭാഷകന്റെ പേരാണ് ഉളളത്. ലീഗ് പാര്‍ട്ടിയുടെ ചാനല്‍ വക്താവായ നേതാവിനെയാണ് പരിഗണിക്കുന്നത്.

