Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മൃഗശാലയിൽ കരിങ്കുരങ്ങ് കുഞ്ഞ് ജനിക്കുന്നത്. 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺ കുരങ്ങിനാണ് ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞ് ജനിച്ചത്. 18 വയസുകാരൻ രാജീവ് ആണ് അച്ഛൻ. 2014ൽ ഇവർക്ക് സോന എന്ന പെൺകുഞ്ഞ് പിറന്നിരുന്നു. എന്നാൽ അതിനു ശേഷം രഞ്ജിനി പ്രസവിച്ചിട്ടില്ല.

പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗം ആയതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു.

ലോകത്താകെ പതിനായിരത്തിൽ താഴെയാണ് ഇവയുടെ ഇപ്പോഴത്തെ എണ്ണം. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി, പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനു ശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ കൂട്ടിലേക്ക് മാറ്റും എന്ന് സൂപ്രണ്ട് അനിൽ കുമാർ അറിയിച്ചു.