Spread the love

കോട്ടയം : കേരളത്തിലെ വൃക്കരോഗ വിദഗ്ദ്ധരുടെ കൂട്ടായ്‌മയായ നെഫ്രോളജി അസ്സോസിയേഷൻ ഓഫ് കേരളയുടെ 26-ാം വാർഷിക കോൺഫറൻസ് 2025 സെപ്റ്റംബർ 26 മുതൽ 28 വരെ തേക്കടിയിൽ വച്ച് നടക്കുകയാണ്.

കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള ഡോക്‌ടർമാരെ കൂടാതെ രാജ്യത്തെ പ്രശസ്‌തരായ ഡോക്‌ടർമാരും പങ്കെടുക്കും. വൃക്കരോഗ ചികിത്സയിലെ നൂതന ചികിത്സാ രീതികളെ കുറിച്ചും വൃക്കമാറ്റിവെയ്ക്കൽ, ഡയാലിസിസ് തുടങ്ങിയ മേഖലയിലെ പുതിയ ആശയങ്ങൾ സംബന്ധിച്ച് 16 പ്രബന്ധങ്ങളും അതിനെ മുൻനിർത്തിയുള്ള ചർച്ചകളുമാണ് കോൺഫറൻസിൽ നടക്കുന്നത്.

കൂടാതെ ഡിബേറ്റുകൾ, പോസ്റ്റർ പ്രദർശനം, വൃക്കരോഗ വിഭാഗത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ക്വിസ് മ‌ത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. കോൺഫറൻസിനോടനുബന്ധിച്ച് തേക്കടിയിൽ വ്യാപാരികളുമായി സഹകരിച്ച് ഒരു വൃക്കരോഗ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

വൃക്കരോഗ  വിദഗ്ദ്ധരുടെ കോൺഫറൻസ് ആദ്യമായാണ് ഇടുക്കി ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ നെഫ്രോളജിസ്റ്റുകളുടെ സംഘടനയായ കോട്ടയം കിഡ്‌നി ക്ലബ്ബിൻ്റെ ഭാരവാഹികളും പ്രശസ്‌ത നെഫ്രോളജിസ്റ്റുകളുമായ ഡോ. കെ.പി. ജയകുമാർ, ഡോ. ജി.എ. സുരേഷ്, ഡോ. സെബാസ്റ്റ്യൻ എബ്രഹാം, ഡോ. മഞ്ജുള രാമചന്ദ്രൻ, ഡേ. സജീവ് കുമാർ കെ.എസ്, ഡോ. ഉണ്ണികൃഷ്‌ണൻ രാമചന്ദ്രൻ, ഡോ. അജീഷ് ജോൺ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.