Spread the love

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് നിഗമനം. ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 13കാരിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശിയായ ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചുമകള്‍ വീട്ടിലെത്തി നോക്കുമ്പോള്‍ കതക് അടഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരെത്തി പരിശോധിക്കുമ്പോള്‍, കൈയും കാലും കൂട്ടിക്കെട്ടി നഗ്നമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ തുണി കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവന്‍കുട്ടിയുടെ കൊച്ചുമകള്‍ അടക്കം നാലുപേരിലേക്ക് എത്തിയത്.

ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പെണ്‍കുട്ടിയെ കൂടാതെ മറ്റു മൂന്നുപേര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. വീട്ടിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഐ ഫോണ്‍ വാങ്ങിക്കുന്നതിനു വേണ്ടിയാണ് 13 കാരി സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നത്.കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു.