കോട്ടയം : ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ചലച്ചിത്രരംഗത്തും വലിയ സ്വാധീനം. പെരുന്ന സ്വദേശിയായ മുരാരി ബാബു ചെന്നൈയിലെ പല ചലച്ചിത്ര അഭിനേതാക്കളുടെ വീടുകളിലും സ്ഥിരംസന്ദർശകനാണ്. ചങ്ങനാശ്ശേരി സ്വദേശിയായ പ്രമുഖ നടൻ്റെ പത്നിയും അഭിനേത്രിയുമായ ചലച്ചിത്ര താരവുമായി വിദ്യാഭ്യാസകാലത്തുള്ള ബന്ധമാണുള്ളത്. നടിയുടെ എൻ എസ് എസ് കോളജ് സഹപാഠിയാണ് ബാബു.
ഈ നടന്റെ വസതിയിൽ ദ്വാരപാലക ശില്പങ്ങൾ പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ ശബരിമലയിലെ ഈ അമൂല്യ വസ്തുക്കൾ നടന്റെ ചെന്നൈയിലെ വസതിയിൽ എത്തിച്ചു പൂജ നടത്തിയത്.പക്ഷേ അതിലേക്ക് നയിച്ചത് മുരാരി ബാബുവിനെ ഈ കുടുംബം ആയുള്ള ബന്ധമാണെന്നാണ് സൂചനകൾ.
ചങ്ങനാശ്ശേരി എൻഎസ്എസ് നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധമാണ് ബാബുവിനുള്ളത്.അയ്യപ്പ സംഗമത്തിന് പിന്നിൽ എൻഎസ്എസിന്റെ പിന്തുണ ഉറപ്പാക്കിയതിൽ വരെ താലൂക്ക് യൂണിയൻ അധ്യക്ഷനായ മുരാരി ബാബുവിന്റെ കരങ്ങൾ ഉണ്ടെന്നാണ് സംസാരം. ചുമതല വഹിച്ച ക്ഷേത്രങ്ങളിലെല്ലാം ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് മുരാരി ബാബുവിനുള്ളത്. നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ഇദ്ദേഹത്തെ സമുദായ സംഘടനയുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റാൻ എൻഎസ്എസ് നേതൃത്വം തയ്യാറായില്ല.ഒടുവിൽ കോടതി ഇടപെട്ട് നടക്കുന്ന അന്വേഷണത്തിൽ പിടിയിൽ ആകുമെന്ന ഘട്ടത്തിൽ മാത്രമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജി വാങ്ങിയത്.
അന്നുമുതൽ അറസ്റ്റ് പ്രതീക്ഷിച്ചു കഴിയുകയായിരുന്നു ബാബു. എൻഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന പെരുന്നയിൽ തന്നെയാണ് മുരാരി ബാബുവും താമസിക്കുന്നത്. എൻഎസ്എസിലെ ഒരു മുൻ അധ്യക്ഷന്റെ ശുപാർശയിലാണ് ക്ലാസ് ഫോർ തസ്തികയിൽ മുരാരി ബാബുവിന് ദേവസ്വം ബോർഡിൽ ജോലി ലഭിച്ചത്.സമുദായ പിന്തുണ ആവോളം ഉണ്ടായിരുന്ന ബാബു വളരെ പെട്ടെന്ന് പ്രമോഷൻ ലഭിച്ച് ഉയർന്ന പദവികളിൽ എത്തി.

