Spread the love

കാസർകോട് ∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെ (25)തിരെയാണ് കേസ്. പെൺകുട്ടിയുെട മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർലിൻ.

കുട്ടി ഭയം കാരണം നടന്ന കാര്യങ്ങൾ പുറത്തു പറഞ്ഞില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ ആകെ എണ്ണം നാലായി ഉയർന്നു. നിലവിൽ മുൻപ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ് പ്രതി.

സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവയായിരുന്നു. 2025 മാർച്ച് 14-നാണ് 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ ആദ്യമായി അറസ്റ്റിലാകുന്നത്. സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നുള്ള കൗൺസിലിംഗിലാണ് പീഡന വിവരങ്ങൾ പുറത്തുവന്നത്. സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ചാണ് പീഡിപ്പിച്ചതെന്ന് മുൻപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഈ കേസിൽ ജയിലിൽ കഴിയുന്നതിനിടെ, ഇരയായ പെൺകുട്ടിയുടെ 15 വയസ്സുള്ള സഹോദരനെയും പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായി. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, 14 വയസ്സുകാരനായ മറ്റൊരു ബാലനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലും ഇവർക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. തളിപ്പറമ്പിലെ കേസുകളുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കുറഞ്ഞത് 20 വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.