മണർകാട്: കാലത്തിന്റെ ഇടവേള മറികടന്ന് മണർകാട് സെൻ്റ് മേരീസിൽ അവർ വീണ്ടും ഒന്നിച്ചു, ‘വർഷങ്ങൾക്ക് ശേഷം’.
കാലത്തിന്റെ ദൂരം മായ്ച്ച് സൗഹൃദങ്ങളും ഓർമ്മകളും വീണ്ടും ക്ലാസ് മുറിയിൽ കൈകോർത്തു.
ഒരേ ക്ലാസ് മുറികളിൽ നിന്ന് ജീവിതത്തിലേക്ക് പറന്നുയർന്ന സഹപാഠികളും വഴികാട്ടിയായ അദ്ധ്യാപകരും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ, മണർകാട് സെൻ്റ് മേരീസ് സ്കൂൾ അങ്കണം ഓർമ്മകളുടെ ഉത്സവവേദിയായി മാറി.
‘വർഷങ്ങൾക്ക് ശേഷം’ എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമം ചിരിയുടെയും നൊസ്റ്റാൾജിയയുടെയും മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. പഴയ ക്ലാസ് മുറികളിലെ ചിരികളും സൗഹൃദ നിമിഷങ്ങളും പുതുക്കിയെടുക്കുന്നതിന് സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചു.
‘വർഷങ്ങൾക്ക് ശേഷം’ എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേക്ക് മുറിക്കൽ ചടങ്ങും നടന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ജെ. മാത്യു മണവത്ത് കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വവിദ്യാർത്ഥിനിയും ചലച്ചിത്ര താരവുമായ ഭാമ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ കാലത്തെ സ്നേഹസ്മരണകൾ അവർ പങ്കുവെച്ചു. മണർകാട് കത്തീഡ്രൽ ട്രസ്റ്റി സുരേഷ് കെ. എബ്രഹാം ആശംസ നേർന്നു. റിട്ട. അദ്ധ്യാപകൻ വർഗീസ് ഫിലിപ്പോസ്, ബിജി ആൻ കുര്യൻ എന്നിവർ സംസാരിച്ചു.
വിരമിച്ച അദ്ധ്യാപകരെ ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു.
1998 മുതൽ 2018 വരെ വിവിധ ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ, വിരമിച്ച അദ്ധ്യാപകർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സുനീഷ്, സൂരജ്, പ്രതീഷ്, അർച്ചന, മെർളിൻ, ബിബിൻ, അലൻ, സോണിയ, രോഹിത് തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും, കരാക്കെ ഗാനമേളയും സ്നേഹവിരുന്നും ചടങ്ങിന് നിറം പകർന്നു.
സ്കൂൾ പ്രിൻസിപ്പൽ സോജി എബ്രഹാം സ്വാഗതവും പ്രോഗ്രാം കൺവീനർ വിമൽദേവ് നന്ദിയും പറഞ്ഞു.
ചിത്രം അടിക്കുറിപ്പ്
സെൻ്റ് മേരീസ് മണർകാട് ഹയർ സെക്കൻഡറി സ്കൂളിൽ വർഷങ്ങൾക്ക് ശേഷം എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വവിദ്യാർത്ഥി സംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

