ബിഎംഡബ്യൂ കാര്‍ മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തെലങ്കാനയില്‍ ആഡംബര കാര്‍ കത്തി ഡോക്ടറും
മുംബൈ: ആഡംബര കാറുകളുടെ അമിത വേഗതയില്‍ രണ്ടു സംഭവങ്ങളിലായി രാജ്യത്ത് ന്യൂറോ സര്‍ജന്‍ ഉള്‍പ്പടെ നാലു മരണം. മുംബൈയിലും തെലങ്കാനയിലുമാണ് അപകടങ്ങള്‍. മുംബൈയില്‍ അമിത വേഗത്തിലായിരുന്ന കാര്‍ റോഡ് തിട്ടയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. യുവാക്കളാണ് മരിച്ചത്. തെലങ്കാന ഖമ്മം ജില്ലയിലാണ് ന്യൂറോ സര്‍ജന്‍ അപകടത്തില്‍ മരിച്ചത്. അതി വേഗത്തിലായിരുന്ന കാര്‍ റോഡ് വശത്ത് ഇടിച്ച് കത്തുകയായിരുന്നു.
മുംബൈയിലെ തീരദേശ റോഡില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുകയായിരുന്ന ബിഎംഡബ്ല്യൂ കാര്‍ നിയന്ത്രണം വിട്ട് ഏകദേശം 75 അടി താഴ്ചയിലേക്ക് പതിച്ചതിനെത്തുടര്‍ന്ന് മൂന്ന് യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മറൈന്‍ ഡ്രൈവില്‍ നിന്ന് വടക്കന്‍ മുംബൈയിലേക്ക് അതിവേഗത്തില്‍ പോവുകയായിരുന്ന ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് പറഞ്ഞു.
മറൈന്‍ ഡ്രൈവിനെയും ബാന്ദ്ര-വോര്‍ലി സീ ലിങ്കിന്റെ വോര്‍ലി ഭാഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ് മുംബൈ കോസ്റ്റല്‍ റോഡ്.’കാര്‍ അതിവേഗത്തിലായിരുന്നുവെന്നും കോസ്റ്റല്‍ റോഡിലെ ബാരിയറില്‍ ഇടിക്കുന്നതിന് തൊട്ടുമുമ്പ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം താഴേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.
തെലങ്കാനയിലെ സൂര്യപേട്ടയില്‍ ഖമ്മം-ഹൈദരാബാദ് ഹൈവേയില്‍ ഞായറാഴ്ച രാവിലെ, ആഡംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചതിനെത്തുടര്‍ന്നാണ് ഡോക്ടര്‍ മരിച്ചത്. ഉറക്കമായിരിക്കാം അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. ഖമ്മം മമത ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ കാസകുര്‍ത്തി ജഗദീഷ് ( 50) ആണ് മരിച്ചത്.
കാര്‍ ഡിവൈഡറില്‍ ഇടിക്കുമ്പോള്‍ ഡോക്ടര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിക്കുശേഷം കാറിന് തീപിടിക്കുകയായിരുന്നു.യാത്രക്കാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും, ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിന് മുന്‍പുതന്നെ തീ പടര്‍ന്നു. രാവിലെ 7.30-ഓടെ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് സംഘം കത്തിനശിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

