നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡുമായി സണ്ണി ജോസഫ് ചര്‍ച്ച നടത്തി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും, സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വേളയില്‍ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്ന് ധാരണ.
സണ്ണി ജോസഫിനെ മാറ്റി ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി അധ്യക്ഷന്‍ ആക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. നിയമസഭാ തെരഞ്ഞൈടുപ്പില്‍ പേരാവൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. നേതൃത്വം ഇത് പരിഗണിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് ദിവസമായി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന കൂടിക്കാഴ്ചയില്‍ അധ്യക്ഷനായി തുടരാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
കെപിസിസി അദ്ധ്യക്ഷനെ ഈ സമയത്ത് മാറ്റുന്നത് ഉചിതമല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ സണ്ണി ജോസഫ് തുടരട്ടെയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. അതേസമയം പേരാവൂരില്‍ നിന്ന് സണ്ണി ജോസഫ് മത്സരിക്കുകയും ചെയ്യും.

