Spread the love

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നടനാണ് കിഷോർ പീതാംബരൻ. ഇപ്പോൾ ഏഷ്യാനെറ്റിലെ മഴതോരും മുമ്പേ എന്ന പരമ്പരയിൽ ബാലേട്ടനായി മിന്നനുകയാണ് താരം. എന്നാൽ ക്യാമറയ്ക്ക് മുന്നിലെ ചിരിക്ക് പിന്നിൽ, വർഷങ്ങളായി രോഗങ്ങളോട് പോരാടുന്ന ഒരു ജീവിതമാണ് ഒളിഞ്ഞിരിക്കുന്നത്.വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിലെ വേദനകൾ പങ്കുവെച്ചത്.

കഴിഞ്ഞ നാല് വർഷമായി താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് താൻ കടന്നു പോകുന്നത്. ‘നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ്’ ബാധിച്ച താരത്തിന് പിന്നീട് തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ തന്നെ നിയന്ത്രിക്കുന്ന ഗ്രന്ഥി ആയതിനാൽ ആരോഗ്യനില വഷളാവുകയും ദീർഘകാലം കിടപ്പിലാവുകയും ചെയ്തു.

“തന്റെ ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളും ഉപയോഗിച്ചാണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്ന് കഴിക്കണം. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത സാഹചര്യമാണ്,” കിഷോർ പറയുന്നു.

25 വർഷമായി താൻ സീരിയൽ രംഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല . “വരുമാനത്തിന് വേണ്ടി മാത്രമാണ് സീരിയൽ ചെയ്യുന്നത്. ഇതല്ലാതെ വേറൊരു വഴി എനിക്കില്ല. കുടുംബമുണ്ട്, മക്കളെ വളർത്തണം. ആരോഗ്യപ്രശ്നങ്ങൾ കാരണം വേറെ ജോലികൾക്കൊന്നും പോകാൻ പറ്റുന്നില്ല. മുമ്പ് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ വാഹനം ഓടിക്കാൻ പോകുമായിരുന്നു,” അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ പ്രതിഫലത്തിനാണ് താൻ അഭിനയിക്കുന്നതെന്നും, അതിനനുസരിച്ചുള്ള വളർച്ചയേ തനിക്ക് ലഭിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സീരിയലുകളിലെ കഥയോ തിരക്കഥയോ ചോദിക്കാറില്ലെന്നും, മറിച്ച് ജോയ്സി തുടങ്ങിയ വിശ്വാസമുള്ളവരുടെ പ്രോജക്റ്റുകളിൽ മാത്രമാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും കിഷോർ പറഞ്ഞു. ലുങ്കി ധരിച്ചുള്ള പാവപ്പെട്ട തൊഴിലാളിയുടെ വേഷങ്ങൾ ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടം. കോട്ടും സ്യൂട്ടും അണിഞ്ഞുള്ള കഥാപാത്രങ്ങൾ തനിക്ക് ചേരില്ലെന്ന് തോന്നാറുള്ളതുകൊണ്ടാണ് പല അവസരങ്ങളും ഒഴിവാക്കാറുള്ളത്. മൂന്നാം ക്ലാസ് മുതൽ നാടകത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്നും തുടരുന്നത് പ്രേക്ഷകരുടെ സ്നേഹം കൊണ്ടുകൂടിയാണെന്നും കിഷോർ പറയുന്ന്നു