സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.
ഇപ്പോഴിതാ ‘രേണു സുധി’ എന്ന പേര് മാറ്റുന്നതിനെക്കുറിച്ചും, പുനർവിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു. താൻ മറ്റൊരു വിവാഹം കഴിക്കുന്നത് വരെ താൻ രേണു സുധിയായി തന്നെ തുടരുമെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും ഒരു ഉദ്ഘാടന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ അവർ വ്യക്തമാക്കി.
“ ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ. എന്നാൽ ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യയായാൽ, എൻ്റെ കഴുത്തിൽ മറ്റൊരാൾ താലിയോ, മിന്നോ, മെഹറോ ചാർത്തിയാൽ ഞാൻ ആ പേര് മാറ്റും. അതുവരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രേണു സുധി എന്ന പേര് മാറ്റില്ല”- രേണു തീർത്തുപറഞ്ഞു.
അതേസമയം തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന മുൻ പ്രസ്താവനയെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ചു. “ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് അന്ന് പറഞ്ഞത്. തട്ടമിടുമെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല,” എന്നായിരുന്നു രേണുവിന്റെ മറുപടി. അതിനിടെ മൂന്നാം വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളോടും രേണു പ്രതികരിച്ചു. “ആൾക്കാർ പറയുന്നത് മൂന്നാമത്തെ കല്യാണം എന്നാണെങ്കിൽ അങ്ങനെ. സുധിച്ചേട്ടൻ എനിക്ക് നല്ലൊരു ഭർത്താവായിരുന്നു,” അവർ പറഞ്ഞു.

