തോല്‍വിക്കു കാരണം വല്യേട്ടന് :സിപിഐക്കു പിന്നാലെ കേരള കോണ്‍ഗ്രസ് എം യോഗത്തിലും സിപിഎമ്മിനെതിരെ വിമര്‍ശനം
കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു കാരണം സിപിഎം ആണെന്ന പരോക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം. തെരഞ്ഞെടുപ്പിന് ശേഷം നടന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് നേതാക്കള്‍ സിപിഎമ്മിനെതിരെ തിരിഞ്ഞത്. ഇതോടെ സിപിഐക്കു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മും സിപിഎം നേതൃത്വത്തിനെതിരെ തിരിയുകയാണ്.ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സിപിഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായിരുന്നില്ലെന്നുമാണ് വിമര്‍ശനം. പാലാ ഉള്‍പ്പടെ പല മണ്ഡലങ്ങളിലും സിപിഎം ക്രോസ് വോട്ടു ചെയ്തു. പിണറായി വിജയന്റെ സമീപനവും വിമര്‍ശനവിധേയമായി
സിപിഎമ്മിനുണ്ടായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചടിയായത്. മത്സരിച്ച എല്ലാ സീറ്റുകളിലും തോറ്റതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. ചിലയിടങ്ങളില്‍ സിപിഎം വോട്ടുകള്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നും മുന്നണി മാറ്റത്തിനുള്ള അവസരം നേതൃത്വം ഇല്ലാതാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റിന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു . കനത്ത തോല്‍വി സംഭവിച്ചെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ജോസ് കെ മാണി അഭ്യര്‍ത്ഥിച്ചു. പരസ്യ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും ജോസ് കെ മാണി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിനു മുന്‍പ് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

